എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്ലില്‍ സമവായത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. വിവാദ വ്യവസ്ഥകള്‍ ഇളവുവരുത്തി ബില്‍ അവതരിപ്പിക്കാനാണ് ആലോചന. സഹകരിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ എം.പി വ്യക്തമാക്കി.
പാര്‍ലമെന്‍റ് സ്തംഭനം തുടരുന്നതിനിടെയാണ് നിര്‍ണായകമായ എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍ മാറ്റങ്ങളോട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സന്നദ്ധ സംഘടനയുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ വിദേശ സംഭാവന ഉപയോഗിച്ച് വാങ്ങിയ ആസ്തികള്‍ ഏറ്റെടുക്കും എന്ന വ്യവസ്ഥ ഒഴിവാക്കുന്നതടക്കം പരിഗണനയില്‍ ആണെന്ന് ബി.ജെ.പിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അടുത്ത ആഴ്ച ബില്‍ അവതരിപ്പിക്കാന്‍ ആണ് ആലോചന. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു ഇന്നലെ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇളവുകളെ കുറിച്ച് റിജിജു ഒന്നും പറഞ്ഞില്ലെന്നും ബില്ലുമായി സഹകരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി
വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. മണ്ഡല പുനര്‍നിര്‍ണയത്തെ ഒരു കാരണവശാലം പിന്തുണയ്ക്കില്ല. ഡി.എം.കെയുടെ നിലപാട് അവര്‍ക്ക് തീരുമാനിക്കാമെന്നും കെ.സി. പറഞ്ഞു.