10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കും. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ ഇത് മറികടക്കാനാകുമോ എന്നതാണ് ചോദ്യം. നിലവില്‍ എന്‍ഡിയ്ക്ക് 148 അംഗങ്ങളുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് എന്‍ഡിഎയ്ക്ക് 15 എംഎല്‍എമാരുടെ കുറവാണുള്ളത്.  

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ നാല് സീറ്റുകൾ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മൂന്ന് സീറ്റുകളിലും ജാർഖണ്ഡ്– രണ്ട് സീറ്റുകൾ, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒപ്പം നടക്കും. 

ഒഴിവ് വരുന്ന സീറ്റുകളില്‍ 18 എണ്ണം എന്‍ഡിഎയുടേതാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ ആന്ധ്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും വിജയിപ്പിച്ചെടുക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും. കര്‍ണാടകയിലും ജാര്‍ഖണ്ഡിലും ഓരോ സീറ്റ് നഷ്ടമാകും. എന്‍ഡിഎയുടെ അംഗ സംഖ്യ കൂടുമെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തില്ല. 245 അംഗങ്ങളുള്ള സഭയിൽ ഭരണഘടനാ ഭേദഗതികൾ നടത്തുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 

തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്‍റേതാണ്. ജെഎംഎം– ഒന്ന്, വൈഎസ്ആർ കോൺഗ്രസ്– മൂന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍. കോൺഗ്രസ് അഞ്ച് സീറ്റുകള്‍ വരെ ജയിച്ചേക്കാം. ജെഎംഎം രണ്ട് സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിൽ തമിഴക വെട്രി കഴകം ഒരു സീറ്റ് നേടും. തമിഴ്നാട്ടിൽ എഐഎഡിഎംകെ നേതാവ് സി.വി. ഷൺമുഖം നിയമസഭയിലേക്ക് ജയിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. 

ENGLISH SUMMARY:

Rajya Sabha elections are scheduled for June 18 for 24 seats across 10 states, posing a question of whether the NDA, currently short of a two-thirds majority, can overcome this deficit. The upcoming polls are crucial for the ruling coalition to strengthen its position in the Upper House of Parliament.