തമിഴ്നാട്ടില്‍ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ‘പ്രോജക്ട് മേഘാലയ’ എന്ന പേരിൽ നടന്നുവെന്ന് പറയപ്പെടുന്ന ഗൂഢാലോചനയില്‍ അന്വേഷണം ശക്തമാക്കി ചെന്നൈ പൊലീസ്. ടിവികെ എംഎൽഎമാർക്ക് വൻതുക കൈക്കൂലി വാഗ്ദാനം ചെയ്ത് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.
ടിവികെ ഉത്തങ്കരൈ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യുന്നതിനായി തനിക്ക് 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നും, വിസമ്മതിച്ചപ്പോൾ തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടായെന്നും എംഎൽഎ പരാതിയിൽ പറയുന്നു. ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് എന്ന അഭിപ്രായ സർവേ ഗ്രൂപ്പ് നടത്തുന്ന യൂട്യൂബര്‍ തിരുനാവുക്കരശ് എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്ന് എംഎൽഎ ആരോപിക്കുന്നു. ഏകദേശം 15 ടിവികെ എംഎൽഎമാരെ സാമ്പത്തികമായി സ്വാധീനിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ‘പ്രോജക്ട് മേഘാലയ’ എന്ന പേരിൽ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കേസിലെ പ്രധാന പ്രതിയായ തിരുനാവുക്കരശുമായി സീനിയർ ജേണലിസ്റ്റ് വിജയൻ നിരന്തരമായി ബന്ധപ്പെടുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് കുറ്റപ്പെടുത്തി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിജയനെ അർദ്ധരാത്രി ചോദ്യം ചെയ്തതെന്നും, അനാവശ്യമായി ഫോൺ പിടിച്ചെടുത്തത് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രസ് ക്ലബ് ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരായ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇടപെടണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയെയും സഹോദരൻ അശോകിനെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, ടിവികെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ഡിഎംകെ പ്രതികരണം. കേസിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡിഎംകെയും വ്യക്തമാക്കിയിട്ടുണ്ട്.