Image credit: X/HT
ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗര്‍വാളിനെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സര്‍ക്കാര്‍. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ നിയമനത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നീതിയുക്തമല്ലായിരുന്നുവെന്ന തങ്ങളുടെ വാദം തെളിഞ്ഞുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൃണമൂല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സുവേന്ദു അധികാരിയുടെ തീരുമാനമെന്നും തിരഞ്ഞെടുപ്പ് സത്യസന്ധമായിട്ടാണ് നടന്നതെന്ന് ഇനിയും കരുതാന്‍ വയ്യെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, നിയമനം തീര്‍ത്തും മെറിറ്റിന്‍റെ മാത്രം അടിസ്ഥാനത്തിലാണെന്നും രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ നടപടി നാണക്കേടിനുമപ്പുറമാണെന്ന് തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ പറഞ്ഞു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനുമായി തുറന്ന ഇടപാടായിരുന്നുവെന്ന് തെളിഞ്ഞുവെന്നും ജനവിധി അട്ടിമറിച്ചതാണ് ബംഗാളില്‍ കണ്ടതെന്നും രാജ്യത്തെ കോടതികള്‍ക്ക് തിമിരം ബാധിച്ചോയെന്നും ഗോഖലെ തുറന്നടിച്ചു. 'തീര്‍ത്തും അവിചാരിതം' എന്നായിരുന്നു എംപി ഡെറക് ഒബ്രിയന്‍റെ പരിഹാസം.
1990 ബാച്ച് ബംഗാള്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മനോജ് അഗര്‍വാള്‍. ബംഗാളില്‍ എസ്ഐആര്‍ നടത്തിയത് അഗര്‍വാളിന്‍റെ മേല്‍നോട്ടത്തിലാണ്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് അഗര്‍വാളിന്‍റെ നിയമനം. ജൂണില്‍ വിരമിക്കാനിരിക്കവേ ഇത്ര ചെറിയ കാലയളവിലേക്ക് മാത്രം അഗര്‍വാളിനെ നിയമിച്ചത് വെറുതേയല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.