എഎപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ പാര്‍ട്ടിയെ വെട്ടിലാക്കി, ഭൂരിഭാഗം രാജ്യസഭാ എംപിമാരുമായാണ് രാഘവ് ഛദ്ദ ബിജെപിയില്‍ ചേരുന്നത്. ആം ആദ്മിയിലെ അധികാരത്തോട് എന്നും ചേര്‍ന്നു നിന്ന രാഘവ് ഛദ്ദ 2022 ല്‍ പഞ്ചാബില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതിലും നിര്‍ണായകമായി. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ഛദ്ദ, അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ തുടങ്ങി ആം ആദ്മിയിലെ പ്രധാന നേതാവായാണ് ഒടുക്കം പാര്‍ട്ടിയോട് ഇടഞ്ഞ് ബിജെപിയിലെത്തുന്നത്. 

അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ കാലം കൊട്ട് അരവിന്ദ് കെജരിവാളിനൊപ്പമുള്ള നേതാവാണ് 38കാരനായ രാഘവ് ഛദ്ദ. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോഴും രാഘവ് ഛദ്ദ ഒപ്പം നിന്നു. കെജരിവാളിന്‍റെ അടുത്തയാളായി അറിയപ്പെട്ട ഛദ്ദ 2015-19 കാലത്ത് പാര്‍ട്ടി വക്താവായി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു ആദ്യ മത്സരം. വടക്കന്‍ ഡല്‍ഹിയില്‍ നിന്നും മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥി രമേശ് ബിദൂരിയോട് തോറ്റു.

2020 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജേന്ദ്ര നഗറില്‍ നിന്നും 20,058 വോട്ടിനാണ് ജയിച്ച രാഘവ് ഛദ്ദയെ ഡൽഹി ജല ബോർഡിന്റെ വൈസ് ചെയർമാനാക്കി. ഇക്കാലത്താണ് ഛദ്ദയെ പഞ്ചാബ് ഇന്‍ചാര്‍ജായി നിയമിക്കുന്നത്. 2022 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കുകയായിരുന്നു ദൗത്യം. 

പഞ്ചാബിന്‍റെ അപ്രഖ്യാപിത മുഖ്യന്‍

2022 ലെ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ പിന്നണിയില്‍ പ്രവൃത്തിച്ച ബുദ്ധികേന്ദമായിരുന്നു രാഘവ് ഛദ്ദ. സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിലും പ്രാചരണത്തിലും സംഘടനയെ ചലിപ്പിക്കുന്നതിലും ഛദ്ദയ്ക്കായിരുന്നു പ്രധാന റോളുണ്ടായിരുന്നു. 117 സീറ്റില്‍ 92 ലും ജയിച്ച് പാര്‍ട്ടി അധികാരത്തിലെത്തിയതോടെ പഞ്ചാബിന്‍റെ ‘അപ്രഖ്യാപിത മുഖ്യമന്ത്രി’യായും ഛദ്ദ മാറി. 

ചണ്ഡീഗഢിലെ സെക്ടർ 2 മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്ത് പഞ്ചാബ് സര്‍ക്കാര്‍ ഛദ്ദയ്ക്ക് ഔദ്യോഗിക ബംഗ്ലാവ് അനുവദിച്ചു. 50-ാം നമ്പര്‍ വീട് മുഖ്യമന്ത്രിയുടെ വസതിക്കൊപ്പം അധികാര കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ഇതേസമയത്താണ് ഛദ്ദ രാജ്യസഭയിലേക്ക് എത്തുന്നതും. പഞ്ചാബ് പൊലീസ് സുരക്ഷയോടെ ഛദ്ദ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം അടക്കം അധികാരങ്ങള്‍ പലതും രാഘവ് ഛദ്ദയിലേക്ക് എത്തി. 

കഥമാറിയ തിരഞ്ഞെടുപ്പ് കാലം

2024 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ് ഛദ്ദയുടെയും പഞ്ചാബിന്‍റെയും കഥ മാറുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് 2024 മാര്‍ച്ച് 21 ന് അരവിന്ദ് കെജരിവാള്‍ മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായി. ഈ സമയത്ത് കണ്ണിന്‍റെ ശസ്ത്രക്രിയയ്ക്കായി യുകെയിലായിരുന്നു ഛദ്ദ. മേയ് അവസാനത്തോടെ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി പഞ്ചാബിലെ കുറച്ച് റാലികളില്‍ മാത്രമായി ഛദ്ദയുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം ചുരുങ്ങി. 

ഇതോടെ പഞ്ചാബിലേക്കുള്ള ഛദ്ദയുടെ സന്ദർശനങ്ങൾ കുറഞ്ഞു. 2025 ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി പരാജയപ്പെട്ടതോടെ ഛദ്ദയുടെ പഞ്ചാബ് സന്ദർശനങ്ങൾ വല്ലപ്പോഴും മാത്രമായി. 2025 മാര്‍ച്ചില്‍ പഞ്ചാബിന്‍റെ ചുതമല മനീഷ് സിസോദിയയുടെ കയ്യിലെത്തിയതോടെ ഭരണപരമായ യോഗങ്ങളിൽ നിന്നും ചദ്ദ പുറത്തായി. 2025 അവസാനത്തോടെ ഔദ്യോഗിക ബംഗ്ലാവും ഛദ്ദ ഒഴിയേണ്ടി വന്നു.

എഎപിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ഛദ്ദ ഒഴിഞ്ഞു നിന്നത് പാര്‍ട്ടിയെയും ഛദ്ദയെയും അകറ്റി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെജരിവാളിന്‍റെ കുറ്റവിമുക്തനാക്കിയ സമയത്ത് പോലും പ്രതികരിക്കാന്‍ ഛദ്ദ തയ്യാറായില്ല. സര്‍ക്കാരിനെതിരെ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഒടുവില്‍ രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തു നിന്നും രാഘവ് ഛദ്ദയെ എഎപി നീക്കിയത്. 2023 ഒക്ടോബറില്‍ രാജ്യസഭയിലെ കക്ഷിനേതാവായ സഞ്ജയ് സിങ്ങിനെ മദ്യനയക്കേസിൽ അറസ്റ്റു ചെയ്തപ്പോള്‍ രാജ്യസഭയിലെ പാർട്ടി നേതാവാകാൻ ഛദ്ദ നടത്തിയ ചരടുവലികളാണ് നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായതെന്ന് സൂചന.

ENGLISH SUMMARY:

Raghav Chadha, once considered the "undeclared Chief Minister" of Punjab and a close aide to Arvind Kejriwal, has officially joined the BJP along with six other AAP Rajya Sabha MPs. The move follows a period of growing friction, during which Chadha was removed from his position as the party's Deputy Leader in the Rajya Sabha and sidelined from Punjab’s administrative affairs. Chadha cited the Aam Aadmi Party's deviation from its founding principles and its alleged involvement in corruption as the primary reasons for his exit. This mass defection, involving seven out of ten AAP Rajya Sabha members, allows the group to merge with the BJP without facing disqualification under the anti-defection law.