‌35 ദിവസം നീണ്ട വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ രാജി, രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികളും സമരത്തെ പിന്തുണച്ചവരും ആഘോഷമാക്കുകയും ചെയ്തു. ട്രോളുകളും പോസ്റ്റുകളും സ്റ്റോറികളും ഡിജിറ്റല്‍ ലോകത്ത് നിറഞ്ഞു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആഘോഷിച്ച് പോസ്റ്റിട്ട ഭുവനേശ്വര്‍ എംപി അപരാജിത സാരംഗിയുടെ മകള്‍ അര്‍ച്ചിത സച്ചിന്‍ രഹാറിന്‍റെ ഇന്‍സ്റ്റഗ്രാം പേജ് ഇപ്പോള്‍ മിസിങാണ്.

എക്സിലും മറ്റുമായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ പ്രകാരം അര്‍ച്ചിത ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആഘോഷിച്ച് പോസ്റ്റിട്ടിരുന്നു. തന്‍റെ കുടുംബം ധര്‍മേന്ദ്ര പ്രധാന്‍റെ കൂടെയാണെന്നും പക്ഷെ താന്‍ വിദ്യാര്‍ഥികളുടെ കൂടെയാണെന്നും അര്‍ച്ചിത കുറിച്ചു. പിന്നാലെ ഈ സ്റ്റോറി വൈറലാവുകയും ചെയ്തു. എന്നാല്‍ പിന്നീട് ധര്‍മേന്ദ്ര പ്രധാന്‍റെ ടീം അപരാജിത സാരംഗി എംപിയെ നേരിട്ട് ബന്ധപ്പെട്ടെന്നും പോസ്റ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നും അര്‍ച്ചിത പറയുന്നു. ഇതിന് പിന്നാലെ തന്‍റെ അമ്മ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അര്‍ച്ചിതയ്ക്കയച്ച വാട്ടസ്ആപ്പ് സ്ക്രീന്‍ഷോട്ടും അര്‍ച്ചിത സ്റ്റോറിയിട്ടു. താന്‍ ഡിലീറ്റ് ചെയ്യില്ല എന്ന് അര്‍ച്ചിത ഇവിടെ രണ്ട് തവണ അയച്ചത് കാണാം. എന്നാല്‍ ഡിപിയുടെ (ധര്‍മേന്ദ്ര പ്രധാന്‍റെ) പഴ്സനല്‍ സ്റ്റാഫ് തന്നെ നേരിട്ട് ബന്ധപ്പെട്ടെന്ന് തിരിച്ച് അപരാജിത അയച്ച ടെക്സ്റ്റും കാണാം. 

 

എന്നാല്‍ ഉറച്ച നിലപാട് വ്യക്തമാക്കിയ അര്‍ച്ചിതയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിലവില്‍ അപ്രത്യക്ഷമാണ്. അര്‍ച്ചിതയുടെ ഒരു വിവരങ്ങളും ലഭ്യവുമല്ല. അര്‍ച്ചിതയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചതോ, ഹാക്ക് ചെയ്ത് ഒഴിവാക്കിയതോ ആകാമെന്നാണ് നിഗമനം.  

ബിജെപി നേതാക്കളുടെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. അസം റെവന്യൂ മന്ത്രി കേശബ് മഹന്ദയുടെ മകള്‍ ദിബിഷ മഹന്ദ ഗുഹാവത്തിയിലെ സമരത്തില്‍ പങ്കെടുത്തിരുന്നു. ദിബിഷ സമരത്തില്‍ മുദ്രാവാക്യം വിളിക്കുന്നതിന്‍റെയും പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതിന്‍റെയും വിഡിയോകളും വന്‍തോതില്‍ പ്രചരിച്ചിരുന്നു. 

ദിബിഷ മഹന്ദ ഗുഹാവത്തിയിലെ സമരത്തില്‍ പങ്കെടുക്കുന്നു

ENGLISH SUMMARY:

Following Dharmendra Pradhan's resignation after a 35-day student protest, his actions sparked widespread celebration and digital commentary. However, the Instagram page of Archita Sachin Rahari, daughter of Bhubaneswar MP Aparajita Sarangi, has gone missing after she posted in support of the students, creating a stir online.