amit-shah-031

ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ലമെന്‍റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ജാതി വിവരം ശേഖരിച്ചുകൊണ്ട് സെന്‍സസ് നടത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനം എടുത്തതാണ്. അതിന്‍റെ ആദ്യഘട്ടം ആരംഭിച്ചുകഴിഞ്ഞു. സെന്‍സസ് 2021ല്‍ നടപ്പാക്കേണ്ടതായിരുന്നു. കോവിഡ് മഹാമാരി വന്നു. അതുകാരണമാണ് സെന്‍സസ് നടക്കാതെ പോയത്. അതിനുശേഷം രാജ്യത്തിന് വളരെക്കാലമെടുത്തു സാധാരണനില കൈവരിക്കാന്‍. ജാതി സെന്‍സസ് എടുക്കണമെന്ന് ധാരണവന്നു. എല്ലാവരുമായി ചര്‍ച്ച നടത്തി. പിന്നീട് തീരുമാനിച്ചു. 2025ല്‍ ജാതി സെന്‍സസ് നടത്തുമെന്ന് തീരുമാനിച്ചു. അതിനുശേഷം ഇപ്പോള്‍ നടക്കുന്ന സെന്‍സസില്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ജാതി കോളം പൂരിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു. 

അതേസമയം, വനിതാ സംവരണം, ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ഭരണഘടനാഭേദഗതിയെ പ്രത്യക്ഷത്തില്‍ എല്ലാവരും സ്വാഗതം ചെയ്യുകയാണ് ചെയ്തതെന്ന്  അമിത് ഷാ. എന്നാല്‍ പ്രതിപക്ഷം 'പക്ഷേ', 'എങ്കിലും' 'എന്നാലും' തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിച്ച് യഥാര്‍ഥത്തില്‍ വനിതാസംവരണത്തെ എതിര്‍ക്കുകയാണ് ചെയ്തത്. പലപ്പോഴും പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിനോടല്ല, നടപ്പാക്കുന്ന രീതിയോടാണ് എതിര്‍പ്പെന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ 'ഇന്ത്യ' മുന്നണിയിലെ കക്ഷികള്‍ വനിതാസംവരണത്തെയാണ് അടിമുടി എതിര്‍ക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.

മണ്ഡ‍ല പുനക്രമീകരണത്തെ എതിര്‍ത്തുന്നവര്‍ യഥാര്‍ഥത്തില്‍ എസ്‍സി, എസ്‍ടി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.  ജനപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മണ്ഡലപുനക്രമീകരണം മരവിപ്പിച്ചത് ഇന്ദിര ഗാന്ധി നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇപ്പോള്‍ പ്രതിപക്ഷത്തിരുന്നും കോണ്‍ഗ്രസ് മണ്ഡല പുനക്രമീകരണം തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നു. മണ്ഡലപുനക്രമീകരണം നടപ്പാക്കിക്കൊണ്ടുമാത്രമേ വനിതാസംവരണം നടപ്പാക്കാനാവൂ. അത് ഇപ്പോള്‍ത്തന്നെ നടപ്പാക്കുകയും വേണം. ഇക്കാര്യം പ്രതിപക്ഷത്തിനറിയാം. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലമണ്ഡലപുനക്രമീകരണം വോട്ടര്‍മാരുടെ ഭരണഘടനാ അവകാശമാണ്. ജനസംഖ്യ 120 ശതമാനം വര്‍ധിച്ചിട്ടും ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. 

പ്രതിപക്ഷം തെക്ക്, വടക്ക് വാദമുയര്‍ത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുമെന്നാണ് ഓരോ ജനപ്രതിനിധിയും പ്രതിജ്ഞയെടുക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഓരോ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിനും രാജ്യത്തിനുമേല്‍ അവകാശമുണ്ടെന്നും അമിത്ഷാ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം സീറ്റ് വര്‍ധന ഉറപ്പാക്കാം ബില്‍ ഭേദഗതി ചെയ്ത് അവതരിപ്പിക്കാം പാസ്സാക്കാന്‍ പ്രതിപക്ഷം പിന്തുണയ്ക്കുമോയെന്ന് അമിത് ഷാ ചോദിച്ചു. ഔദ്യോഗിക ഭേദഗതി കൊണ്ടുവരാന്‍ തയാറാണ്. ഒരുമണിക്കൂര്‍ സഭ നിര്‍ത്തിവയ്ക്കണം. ബില്‍ തയാറാണ്. അംഗങ്ങള്‍ക്ക് വിതരണം ചെയ്യാമെന്നും അമിത് ഷാ പറഞ്ഞു. 

വനിതാ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് എഴുതി നല്‍കിയാല്‍പ്പോലും ബിജെപിയെ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

വനിതാസംവരണം 2029ല്‍ തന്നെ നടപ്പാക്കണമെന്ന് അമിത് ഷാ. അത് നടപ്പാക്കാതിരിക്കാനാണ് പ്രതിപക്ഷം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം സ്വീകാര്യമല്ല (മുസ്‍ലിം വനിതകള്‍ക്ക് പ്രത്യേകസംവരണം വേണമെന്ന് ആവശ്യത്തില്‍). സംവരണം ജനിച്ച ജാതിയുടെ അടിസ്ഥാനത്തിലാണ് ലഭിക്കുക. വോട്ടുബാങ്കിനുവേണ്ടി രാജ്യത്ത് മുസ്‍ലിം സംവരണം വേണമെന്ന ആവശ്യമുയര്‍ത്താനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ഒബിസി വിരോധം വച്ചുപുലര്‍ത്തുന്ന ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. ചൗധരി ചരണ്‍ സിങ്ങിനെയും സീതാറാം കേസരിയെയും കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും അനുവദിച്ചില്ല. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറായില്ല.  ഇന്ദിര ഗാന്ധി ഫ്രീസറില്‍ വച്ചു. നെഹ്റു, ഇന്ദിര, രാജീവ് ഗാന്ധി എന്നിവര്‍ ഒബിസി വിരോധികളാണ്. ജാതി സെന്‍സസ് നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയാറായില്ല. ഒബിസി വിഭാഗത്തില്‍പ്പെട്ട ഒരു പ്രധാനമന്ത്രിയെപ്പോലും കോണ്‍ഗ്രസ് വച്ചില്ല. ബിജെപി ഒബിസിക്കാരനെ പ്രധാനമന്ത്രിയാക്കി. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കലാണ് പ്രധാനം. ഞങ്ങള്‍ക്ക് രാഷ്ട്രവും ജനങ്ങളുമാണ് പ്രധാനം.  മുദ്രാവാക്യം മുഴക്കിയതുകൊണ്ട് ഒബിസി സംരക്ഷണമാവില്ലെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭയില്‍ രണ്ടുദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വനിതാസംവരണ ഭേദഗതി ബില്‍ വോട്ടെടുപ്പിലേക്ക്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും വോട്ടെടുപ്പുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം.  . ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ബില്‍ രാജ്യവിരുദ്ധമാണെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ജാലവിദ്യക്കാരനെന്ന് രാഹുല്‍ വിശേഷിപ്പിച്ചത് ഭരണപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിന് ഇടയാക്കി.

ENGLISH SUMMARY:

Union Home Minister Amit Shah has announced in Parliament that India will conduct a caste census, with the process expected to begin in phases ahead of a full rollout in 2025. The decision comes after delays caused by the COVID-19 pandemic and extensive consultations with stakeholders. The census will include caste data collection, marking a significant policy shift with potential implications for governance, welfare schemes, and political representation across the country. The announcement has sparked fresh debate over reservation policies and electoral reforms. At the same time, discussions on the Women’s Reservation Amendment Bill and Lok Sabha delimitation have intensified. Amit Shah accused the opposition of indirectly opposing women’s reservation and attempting to create divisions between North and South India. The bill is now set for voting in the Lok Sabha despite the government lacking a two-thirds majority. The opposition has demanded further scrutiny through a Joint Parliamentary Committee, making the outcome uncertain and politically significant.