ഗുജറാത്തിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ദഹോദ് ജില്ലയിലെ തിരഞ്ഞെടുപ്പാണ് ചൂടേറിയ ചര്‍ച്ച. പിപ്പെറോ ജില്ലാ പഞ്ചായത്ത് സീറ്റില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എഎപിക്കും വേണ്ടി പത്രിക സമര്‍പ്പിച്ചിരിക്കുന്നത് ഒരാളാണ്. ഭരത്സിങ് വഖാല. മൂന്നു പാര്‍ട്ടികളുടെയും അനുമതി പത്രത്തോടെയാണ് ഇയാള്‍ പത്രിക നല്‍കിയതെന്നതാണ് കൗതുകം. 

മൂന്നു സെറ്റ് നോമിനേഷനാണ് വഖാല സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ വഖാലയ്ക്ക് കോണ്‍ഗ്രസും ബിജെപിയും ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എഎപിക്ക് വഖാലയല്ലാതെ ഡമ്മി സ്ഥാനാര്‍ഥി പോലുമില്ല. വഖാലയുടെ മൂന്നു സ്ഥാനാര്‍ഥിത്വം അടക്കം 11 നോമിനേഷനാണ് ലഭിച്ചിട്ടുള്ളത്.  

വഖാലയുടെ രാഷ്ട്രീയം ഇടയ്ക്കിടെ മാറിമറിയുന്നതാണ്. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവ്ഗഡ് ബാരി നിയമസഭാ സീറ്റില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഭരത്സിങ് വഖാല മത്സരിച്ചത്. 2022 ല്‍ ആം ആദ്മി പാര്‍‍ട്ടിയുടെ സ്ഥാനാര്‍ഥിയായി. രണ്ടു തവണയും തോറ്റു. നിലവില്‍ ബിജെപിയിലാണ് വഖാല എന്നാണ് വിവരം. വഖാല ഏത് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകുമെന്നത് 15-ാം തീയതിയോടെ അറിയാന്‍ സാധിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയാണ് 15. 

ENGLISH SUMMARY:

Bharat Singh Vakhala has filed nominations for the Pipalo district panchayat seat in the Dahod district of Gujarat, creating a stir as he submitted papers for BJP, Congress, and AAP with their consent. The final decision on his candidacy and the outcome of this unique political situation will be known by the 15th, the last date for withdrawal of nominations.