Image credit: ANI
ആറുമാസത്തിനകം ഏക സിവിൽ കോഡ്, വനിതകൾക്ക് പ്രതിമാസം 3000 രൂപ; ബംഗാളിൽ ബിജെപി പ്രകടന പത്രിക
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രികയായ 'സങ്കൽപ്പ് പത്ര' പുറത്തിറക്കി ബിജെപി. അധികാരത്തിലെത്തി ആറു മാസത്തിനകം ഏക സിവിൽ കോഡ് നടപ്പിലാക്കും, വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് പ്രതിമാസം 3,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുറത്തുവിട്ടത്. 'സോനാർ ബംഗ്ല' (സുവർണ ബംഗാൾ)യിലേക്കുള്ള ചുവടുവയ്പ്പാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും അത് കർഷകർ, യുവാക്കൾ, സ്ത്രീകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും ഷാ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച അമിത് ഷാ കഴിഞ്ഞ 15 വർഷമായി തുടരുന്ന തൃണമൂൽ ഭരണം സംസ്ഥാനത്തെ ജനങ്ങളുടെ പേടി സ്വപ്നമായി മാറിയെന്നും ആരോപിച്ചു. ബിജെപിയുടെ പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ..
സ്ത്രീ ശാക്തീകരണം
സ്ത്രീ ശാക്തീകരണത്തിന് ദുർഗ സുരക്ഷ സഹായ പദ്ധതി. വനിതകളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാൻ പ്രതിമാസം 3,000 രൂപ ധനസഹായം. പൊലീസിലും മറ്റ് സർക്കാർ ജോലികളിലും വനിതകൾക്ക് 33% സംവരണം. എല്ലാ മണ്ഡലങ്ങളിലും ഒരു വനിതാ പൊലീസ് സ്റ്റേഷനും ഹെൽപ്പ് ഡെസ്കും സ്ഥാപിക്കുമെന്നും പത്രിക പുറത്തുവിട്ടുകൊണ്ട് ഷാ പറഞ്ഞു.
ഏക സിവിൽ കോഡ്, ശമ്പള കമ്മിഷൻ
ബിജെപി സർക്കാർ അധികാരത്തിലെത്തി വെറും ആറുമാസത്തിനകം സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കും. ഇതുവഴി ബംഗാളിലെ 'മുഴുവൻ പൗരന്മാർക്കും ഒരു നിയമം' എന്നത് നടപ്പിലാക്കും. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഡിഎ(ക്ഷാമബത്ത) ഉറപ്പാക്കും. അധികാരത്തിലെത്തി 45 ദിവസത്തിനകം 7–ാം ശമ്പള കമ്മിഷൻ സ്ഥാപിക്കും.
യുവാക്കൾക്കും കർഷകർക്കും സാമ്പത്തിക സഹായം
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു കോടി തൊഴിൽ. തൊഴിലന്വേഷകരായ യുവാക്കൾക്ക് വർഷത്തിൽ 10,000 രൂപ. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ഒറ്റത്തവണ 15,000 രൂപ ധനസഹായം.
കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധി സ്കീം വഴി സംസ്ഥാന സർക്കാർ വിഹിതമായി 3000 രൂപ. ഇതോടൊപ്പം കേന്ദ്ര വിഹിതവും ചേർത്തുവരുമ്പോൾ പ്രതിമാസം 9,000 രൂപ വീതം കർഷകരുടെ കൈകളിലേക്ക് എത്തിക്കും. നെല്ല് ക്വിൻറലിന് 3,100 രൂപയ്ക്ക് സർക്കാർ ഏറ്റെടുക്കും. ഇതുകൂടാതെ നെല്ല്, ഉരുളകിഴങ്ങ്, മാമ്പഴം തുടങ്ങിയവയ്ക്ക് ന്യായവില ഏർപ്പെടുത്തും.
നുഴഞ്ഞുകയറ്റകാർക്കെതിരെ കർശന നടപടി
നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും തുരത്തുകയും ചെയ്യും. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ഇത്തരം ആളുകളെയോർത്ത് പേടിച്ചു ജീവിക്കേണ്ട സാഹചര്യം ബംഗാളിലെ ജനങ്ങൾക്ക് ഉണ്ടാകില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 294 സീറ്റുകളിലേക്ക് രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 23ന് 152 സീറ്റുകളിലേക്കും രണ്ടാം ഘട്ടമായ ഏപ്രിൽ 29ന് 142 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്.