sourav-reaction
  • വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് കങ്കണ റണൗട്ടിന് സൗരവ് ദാസിന്റെ മറുപടി

 ബിജെപി എംപി കങ്കണ റണൗട്ട് നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന് നര്‍മത്തില്‍ ചാലിച്ച മറുപടിയുമായി കൊക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് സൗരവ് ദാസ്. തൊഴിലില്ലാത്തവന്‍, കഴിവുകെട്ടവന്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം കങ്കണ സൗരവിനെ വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് സൗരവിന്‍റെ മറുപടി.

തന്‍റെ സുഹൃത്തുക്കള്‍ അയച്ച സന്ദേശത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് കങ്കണയുടെ കടന്നാക്രമണങ്ങളെ സൗരവ് ദാസ് ചിരിയോടെ നേരിട്ടത്. കങ്കണ നിന്‍റെ പിന്നാലെയുണ്ടല്ലോ, അത് എന്തുകൊണ്ടാണ് എന്നായിരുന്നു തന്റെ സുഹൃത്തുക്കളുടെ ചോദ്യം. തന്നെ കണ്ടാല്‍ ഹൃതിക് റോഷന്റെ ചെറുപ്പകാലം പോലെ തോന്നുമെന്നാണ് ഒരു സുഹൃത്ത് മറുപടി പറഞ്ഞതെന്നും സൗരവ് ദാസ് പറയുന്നു. കങ്കണ തന്നെ ലക്ഷ്യം വയ്ക്കുന്നതില്‍ അദ്ഭുതം തോന്നിയെന്നും തന്നെ ആക്രമിക്കാന്‍ എന്താണ് കാരണമെന്ന് പലതവണ മനസില്‍ തോന്നിയെന്നും സൗരവ് പറയുന്നു. അതേസമയം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറ‍ഞ്ഞതാണ് കങ്കണയോട് വീണ്ടും പറയാനുള്ളതെന്നും സൗരവ് പറയുന്നു.

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയല്ല, പരസ്പര ചര്‍ച്ചകളിലൂടെയാണ് വിയോജിപ്പുകള്‍ പരിഹരിക്കേണ്ടതെന്നും സൗരവ് വ്യക്തമാക്കുന്നു. ‘കങ്കണ, ജസ്റ്റ് ടേക്ക് എ ചിൽ പിൽ. നമുക്കിത് സംസാരിച്ചു തീർക്കാം’ എന്നാണ് സൗരവ് തന്‍റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. അതേസമയം തന്നെ ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉത്തരവാദിത്തം കാണിക്കണമെന്നും സൗരവ് ഓര്‍മിപ്പിക്കുന്നു. കങ്കണയുടെ വാക്കുകളിലാകെ കടുത്ത നിരാശയാണെന്നും ഒരു ചര്‍ച്ചയ്ക്ക് താന്‍ തയാറാണെന്നും സൗരവ് പറയുന്നു.

28-ാം വയസില്‍ വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്ന സൗരവ് തീര്‍ത്തും കഴിവുകെട്ടവനാണെന്നും തനിക്ക് ആ പ്രായത്തിൽ രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ജെന്‍ സി തലമുറയുടെ രീതികള്‍ കാണുമ്പോള്‍ ഛര്‍ദിക്കാന്‍ തോന്നുമെന്നും കങ്കണ പറഞ്ഞിരുന്നു. ഇത്തരത്തില്‍ സൗരവ് ദാസിനും സിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചിരുന്നത്. അതേസമയം കങ്കണയും ഹൃതികും തമ്മില്‍ നേരത്തേയുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവിടെ സൗരവ് മറുപടി നല്‍കുന്നത്.

തനിക്ക് അവസരങ്ങളില്ലാത്തതിനു കാരണം ഒരു സില്ലി എക്സ് ആണെന്ന് കങ്കണ പറഞ്ഞതും പിന്നാലെ നടന്‍ നടത്തിയ പ്രതികരണങ്ങളും ഏറെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. കൈറ്റ്സ്, ക്രിഷ് 3 എന്നീ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് കങ്കണ അവകാശപ്പെട്ടതും എന്നാൽ കങ്കണയുമായി പ്രൊഫഷണൽ ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും പ്രണയത്തിലായിരുന്നില്ലെന്നും ഹൃത്വിക് പ്രതികരിച്ചതും അന്ന് വാര്‍ത്തയായിരുന്നു. കങ്കണ തനിക്ക് ആയിരക്കണക്കിന് ഇമെയിലുകൾ അയച്ച് ശല്യപ്പെടുത്തിയെന്ന് ഹൃതിക് മുംബൈ സൈബർ സെല്ലിൽ പരാതി നൽകിയതും കങ്കണയ്ക്ക് നോട്ടീസ് അയച്ചതും ഏറെ ചര്‍ച്ചയായ വിഷയങ്ങളായിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സൗരവിന്റെ നര്‍മത്തിലുള്ള മറുപടി.

"Is It Because I Look Like Hrithik Roshan?": Sourav Das Hits Back at Kangana Ranaut:

Cockroach Janata Party leader Sourav Das responded with humor to personal attacks made by BJP MP Kangana Ranaut, who had called him "incapable" and "unemployed." Das lightheartedly questioned whether Kangana was targeting him because his friends noted he resembles a young Hrithik Roshan, referencing the actress's notorious past feud with the Bollywood star. Addressing her comments mocking his student status at age 28, Das advised Kangana via Instagram to "take a chill pill" and urged her to settle political differences through healthy dialogue. He further reminded her that elected public representatives carry a duty to maintain responsibility and restraint in their public discourse.