ഡല്‍ഹി പൊലീസിന്‍റെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് (Image: PTI)

ഡല്‍ഹി പൊലീസിന്‍റെ പെല്ലറ്റാക്രമണത്തില്‍ പരുക്കേറ്റതായി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ കൊണ്ടുവന്ന യുവാവ് (Image :PTI)

  • ഏഴ് പെല്ലറ്റുകള്‍ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ വഴി നീക്കം ചെയ്തുവെന്നും മുഖത്ത് പെല്ലറ്റ് പോലെയുള്ളതെന്തോ ഇപ്പോഴും തറച്ചിരിപ്പുണ്ടെന്നും അത് ഇനി പുറത്തെടുക്കുക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും മന്‍സൂരി

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ പൊലീസ് പെല്ലറ്റ് ഗണ്ണും ആണി തറച്ച ലാത്തികളും ഉപയോഗിച്ചുവെന്ന വാദത്തിന് ശക്തി പകര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സമരം ചെയ്ത ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരിയുടെ ശരീരത്തില്‍ നിന്നും ഒന്നിലധികം ലോഹക്കഷ്ണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായാണ് ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജനറല്‍ അനസ്തീസിയ നല്‍കിയ 21–ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും കഴുത്തിലും തലയിലുമാണ് ശസ്ത്രക്രിയ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'തലയുടെയും കഴുത്തിന്‍റെയും പല ഭാഗങ്ങളില്‍ നിന്ന് ലോഹക്കഷണങ്ങള്‍ കണ്ടെത്തി'യെന്ന് റിപ്പോര്‍ട്ടിലുണ്ട്. '2 mm വലിപ്പമുള്ള ലോഹക്കഷ്ണം കണ്ണിന്‍റെ താഴെ കവിളെല്ലിന് ഉള്ളില്‍ നിന്നും 2mm വരുന്ന മറ്റൊരു ലോഹക്കഷ്ണം ചുണ്ടുകളുടെ അകത്ത് നിന്നും 2 mm വരുന്ന ലോഹക്കഷ്ണങ്ങള്‍ വലത്തേ തോളെല്ല്, കഴുത്തിന്‍റെ വലത്തേ ഭാഗം, നെറ്റിയുടെ ഇടത് ഭാഗം എന്നിവിടങ്ങളില്‍ നിന്നും നീക്കം ചെയ്തു'- എന്നാണ്  ഇഎന്‍ടി ഓപറേഷന്‍ തിയറ്റര്‍ നോട്ട്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  

ഒഫ്താല്‍മോളജി ഓപ്പറേഷന്‍ തിയറ്റര്‍ നോട്ട്സില്‍ ഇടത്തേ കണ്‍പോളയുടെ താഴെ നിന്നും ലോഹക്കഷ്ണം നീക്കി'യതായും രേഖപ്പെടുത്തിയിട്ടുണ്ട്. 'കണ്ണിനുള്ളിലെ പേശിക്ക് സമീപത്ത് നിന്നും 8–10 മില്ലീ മീറ്റര്‍ ആഴ്ന്നിറങ്ങിയിരുന്ന ലോഹക്കഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇതിനായി കണ്ണിന്‍റെ പുറത്തെ ആവരണത്തില്‍ മൂന്ന് സെന്‍റീമീറ്ററോളം പോന്ന ചെറിയ മുറിവുണ്ടാക്കി, മൃദുകോശങ്ങള്‍ സൂക്ഷ്മതയോടെ മാറ്റിയാണ് ലോഹക്കഷ്ണം പുറത്തെടുത്തത്. കൂര്‍ത്തുമൂര്‍ത്ത അരികുകളാണ് ലോഹത്തിനുണ്ടായിരുന്നതെന്നും ഇത് തിളക്കമുള്ളതും കൈ കൊണ്ട് അമര്‍ത്തിയിട്ടും രൂപമാറ്റം സംഭവിക്കാത്തതുമായി  മൂന്ന് മില്ലീ മീറ്റര്‍ വീതം നീളവും വീതിയുമുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള ലോഹക്കഷ്ണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഹക്കഷ്ണത്തിന്‍റെ ഒരു വശം പരന്നതും മറ്റ് ഭാഗങ്ങള്‍ കൂര്‍ത്ത് മൂര്‍ച്ചയേറിയതുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

തന്‍റെ ശരീരത്തില്‍ ഡല്‍ഹി പൊലീസ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചുവെന്ന് കാട്ടി മന്‍സൂരി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏഴ് പെല്ലറ്റുകള്‍ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ വഴി നീക്കം ചെയ്തുവെന്നും മുഖത്ത് പെല്ലറ്റ് പോലെയുള്ളതെന്തോ ഇപ്പോഴും തറച്ചിരിപ്പുണ്ടെന്നും അത് ഇനി പുറത്തെടുക്കുക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും മന്‍സൂരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. അതേസമയം, നീക്കം ചെയ്ത പെല്ലറ്റുകള്‍ ആശുപത്രി അധികൃതര്‍ തനിക്ക് നല്‍കിയില്ലെന്നും മന്‍സൂരി പറഞ്ഞു. യുവാവിന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്ത ലോഹക്കഷ്ണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചോ എന്നതില്‍ ആശുപത്രി അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

ജൂലൈ 20ന് വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിനിടെയാണ് ഡല്‍ഹി പൊലീസില്‍ നിന്നും ക്രൂരമായ ആക്രമണം നേരിട്ടത്. അതേസമയം, പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ആയിരുന്നു ഡല്‍ഹി പൊലീസിന്‍റെ വാദം. വിദ്യാര്‍ഥികള്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണ് ഉള്ളതെന്നും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജൂലൈ 20ന് വിദ്യാര്‍ഥികള്‍ക്ക് നേരെ രണ്ട് റൗണ്ട് പെല്ലറ്റ് പൊലീസ് ഉതിര്‍ത്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദ്രുതകര്‍മ സേനയുടെ ഡപ്യൂട്ടി കമാന്‍ഡറെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. മുന്‍പ് ജമ്മുകശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു.

ENGLISH SUMMARY:

A medical report from Lady Hardinge Medical College has contradicted Delhi Police's claims by confirming that multiple 2 mm metal pieces—consistent with pellet gun usage—were surgically removed from the head, neck, and eye area of protesting NEET student Sheikh Irshad Mansoor. Mansoor had previously approached the Supreme Court alleging that police used pellet guns and spiked lathis during the July 20 protest march toward Parliament, where reports indicated forces fired two rounds of pellets. While Delhi Police previously dismissed allegations of pellet gun use as social media rumors and claimed students only suffered minor injuries, the detailed surgical notes describe sharp, cylinder-shaped metal fragments embedded deep within soft tissues. Hospital authorities have not yet clarified whether the extracted metal pieces have been sent for forensic examination as the controversy over police brutality intensifies.