പ്രതിഷേധക്കാരുടെ കയ്യില്‍ നിന്ന് ബിജെപി എംപി കങ്കണ റണൗട്ടിന്‍റെ കോലവും തട്ടിപ്പറിച്ച് ഓടുന്ന പൊലീസുകാരന്‍റെ വിഡിയോ വൈറലാകുന്നു. ലഖ്നൗവിലെ കോൺഗ്രസ് ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ കങ്കണ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതിഷേധത്തിനിടയില്‍ കങ്കണയുടെ കോലം കത്തിക്കാനുളള ശ്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരില്‍ ഒരാള്‍ കോലത്തിന്‍റെ ഒരുഭാഗവും തട്ടിപ്പറിച്ച് ഓടുകയായിരുന്നു. കോലവുമായി ഓടുന്ന പൊലീസുകാരന്‍റെ വിഡിയോ കണ്ടുനിന്നവരില്‍ മാത്രമല്ല സൈബര്‍ലോകത്തെ ഒന്നാകെ പൊട്ടിച്ചിരിപ്പിച്ചു. അതേസമയം പ്രതിഷേധ പ്രകടനത്തിനിടയില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. കങ്കണയ്ക്കെതിരെയുളള പ്ലക്കാർഡുകളുമേന്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഖ്നൗവിലെ കോൺഗ്രസ് ഓഫീസിനുമുന്നില്‍ തടിച്ചുകൂടിയത്. യുവതലമുറയോട് കങ്കണ കാണിച്ച അനാദരവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു.
സിജെപി സമരത്തിൽ പങ്കെടുത്ത യുവാക്കളെ ‘ജനറേഷൻ ഗട്ടർ’ എന്നും 'വിരൂപരും അഴിമതിക്കാരുമായ വിഭാഗം' എന്നും ആക്ഷേപിച്ചാണ് നടിയും ബിജെപി എംപിയുമായ കങ്കണ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രക്ഷോഭകർ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും പങ്കുവെച്ച റീലുകൾ കണ്ടാൽ ഛർദിക്കാൻ തോന്നും എന്നും കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 'ഓരോ പ്രവൃത്തിക്കും അതിന്‍റേതായ തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ട്. ഇത്രയും പഠിച്ചിട്ടും കാര്യകാരണ ബന്ധം എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെങ്കിൽ, ഇനി അത് വളരെ നന്നായിത്തന്നെ മനസ്സിലായിക്കോളും എന്ന ഭീഷണിയുടെ ഭാഷയും കങ്കണയുടെ കുറിപ്പില്‍ വ്യക്തമായിരുന്നു. കങ്കണയുടെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. അധിക്ഷേപ പരാമർശത്തിൽ കങ്കണ മാപ്പു പറയണമെന്ന ആവശ്യവും ശക്തമായെങ്കിലും കൂടുതല്‍ വിവാദപരാമര്‍ശങ്ങളിലേക്ക് കങ്കണ പോകുകയായിരുന്നു. ഇതിനെല്ലാമെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്നൗവില്‍ പ്രതിഷേധിച്ചത്.