കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ പവന്‍ ഖേരയുടെ ഡല്‍ഹിയിലെ വസതിയില്‍ അസം പൊലീസ് റെയ്ഡ്. അസം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശര്‍മയ്ക്കും ഭാര്യയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഹിമന്ദയുടെ ഭാര്യ റിനിക ഭുയാന് യുഎഇയും ഈജിപ്തുമടക്കം മൂന്ന് വിദേശ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉണ്ടെന്നും അമേരിക്കയിലെ വയോമിങ്ങില്‍ 322 കോടി രൂപ മൂല്യമുള്ള കമ്പനിയുണ്ടെന്നുമായിരുന്നു പവന്‍ ഖേരയുടെ ആരോപണം. ഇത് തെറ്റാണെങ്കില്‍ തെളിയിക്കാന്‍ ഹിമന്ദയെ ഖേര ആവര്‍ത്തിച്ച് വെല്ലുവിളിക്കുകയും ചെയ്തു.
ആരോപണം ഹിമന്ദയും റിനികയും തള്ളി. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് റിനിക പവന്‍ ഖേരയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ തുടര്‍ച്ചയായാണ് അസം പൊലീസ് ഡല്‍ഹിയില്‍ പവനേ ഖേരയുടെ വീട് റെയ്ഡ് ചെയ്തത്. പരിശോധനയിൽ വീട്ടിൽ നിന്ന് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അസം പൊലീസ് സംഘത്തെ നയിച്ച ഡിസിപി ദേബോജിത് നാഥ് മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനാ സമയത്ത് പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല.
ഗുവാഹത്തി ക്രൈം ബ്രാഞ്ച് പോലീസ് സ്റ്റേഷനിലാണ് പവൻ ഖേരയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡല്‍ഹി പൊലീസിന്‍റെ സഹായത്തോടെയായിരുന്നു ഖേരയുടെ വീട്ടിലെ പരിശോധന. പവൻ ഖേര എവിടെയാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹത്തെ ഉടൻ കണ്ടെത്തുമെന്നും അസം പോലീസ് അറിയിച്ചു. രാഷ്ട്രീയ പകപോക്കലാണ് അസം പോലീസ് നടപടിക്ക് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
ഒരു പാക്കിസ്താനി സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്നുള്ള തെറ്റായ വിവരങ്ങൾ ഉപയോഗിച്ചാണ് കോൺഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണിതെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.