സ്പീക്കറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഗാന്ധിജിയെ രണ്ടാമത് വധിച്ചതിനു ശേഷമുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഉദകക്രിയക്കാണോ എന്ന് ചോദ്യം. പ്രിയങ്ക ഗാന്ധി കാണിച്ചത് അസാമാന്യ രാഷ്ട്രീയ ഉളുപ്പാണെന്നും ജോൺ ബ്രിട്ടാസ് വിമര്‍ശിച്ചു.
ഗാന്ധി കുടുംബം സർക്കാരിനൊപ്പം എന്ന സന്ദേശം നൽകാനാണോ ചായ സൽക്കാരത്തിന് പോയത് എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. കറൻസിയിൽ നിന്നും ഗാന്ധിജിയെ നീക്കിയതിനു ശേഷമുള്ള ചായ സൽക്കാരത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുമായിരിക്കും എന്നും രാഹുൽ ഗാന്ധി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കുമായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു. ഇത്തരമൊരു പങ്കെടുക്കൽ ഉണ്ടാകുമെന്ന് സിപിഎം അറിഞ്ഞിരുന്നില്ലെന്നും എംപി കൂട്ടിച്ചേർത്തു
പ്രധാനമന്ത്രിയുടെ വിദേശയാത്ര അടക്കമുള്ളവയെ പുകഴ്ത്തിയ പ്രിയങ്ക ഗാന്ധി വയനാട് പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. പാർലമെന്‍ററി പാർട്ടി നേതാക്കളെ വിളിച്ചിടത്തേക്ക് പ്രിയങ്ക ഗാന്ധിയെ അയച്ചത് കെ.സി.വേണുഗോപാൽ ആണോയെന്നും ബ്രിട്ടാസ് ചോദിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണിതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.