ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മകന്‍ നിഷാന്ത് കുമാര്‍ സജീവരാഷ്ട്രീയത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് ബിഹാര്‍ ഗതാഗത മന്ത്രി ശ്രാവണ്‍ കുമാര്‍ അറിയിച്ചു. നിഷാന്തിനെ ‘വലിയ ഉത്തരവാദിത്തം’ ഏല്‍പ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തിലേറെയായി മന്ത്രിസഭയില്‍ തുടരുന്ന ശ്രാവണ്‍ കുമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അടുത്ത അനുയായിയാണ്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പം
നിഷാന്ത് സജീവരാഷ്ട്രീയത്തിലിറങ്ങണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണെന്ന് ശ്രാവണ്‍ കുമാര്‍ അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം വന്നതോടെ പ്രവര്‍ത്തകരും അനുയായികളും ആവേശത്തിലാണെന്നും ഹോളി ആഘോഷം കൂടുതല്‍ മികച്ചതാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന് അരങ്ങേറാന്‍ രാജ്യസഭാസീറ്റ് നല്‍കുമോ എന്ന ചോദ്യത്തിന് ‘എന്തും സംഭവിക്കാം’ എന്നായിരുന്നു ശ്രാവണ്‍ കുമാറിന്‍റെ മറുപടി.
44–കാരനായ നിഷാന്ത് കുമാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് എന്‍ജിനീയറിങ് ബിരുദമെടുത്തത്. ഇതുവരെ പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലോ പൊതുജനങ്ങളുമായി ഇടപെട്ടോ കണ്ടിട്ടില്ല. തികച്ചും ലളിതമായ ജീവിതം നയിക്കുന്ന ആളെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. വിഐപി സുരക്ഷയോ അനുചരവൃന്ദമോ ഇല്ലാതെയാണ് സഞ്ചാരം. പൊതുവില്‍ ബഹളങ്ങളില്‍ നിന്ന് അകന്നുനിന്നിരുന്ന നിഷാന്ത് കഴിഞ്ഞ ഡിസംബറിനുശേഷമാണ് പൊതുരംഗത്ത് സജീവമായിത്തുടങ്ങിയത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ നിഷാന്ത് ഒന്നിലേറെത്തവണ നിതീഷ് കുമാര്‍ പ്രഖ്യാപിച്ച വികസനപദ്ധതികളുടെ വിലയിരുത്തലിന് എത്തിയിരുന്നു. വരുംദിവസങ്ങളില്‍ ബിഹാറിലുടനീളം പര്യടനം നടത്തുമെന്നാണ് വിവരം. കഴിഞ്ഞമാസം പതിനാലിന് ഗയയില്‍ എത്തിയ നിഷാന്ത് അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ദശരഥ് മാഞ്ചിയുടെ സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
നിതീഷ് കുമാറിന്‍റെ മകന്‍റെ വരവോടെ ബിഹാറില്‍ ജനതാരാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് പുതിയ നിറം ലഭിക്കും. നിതീഷിന്‍റെ പഴയ സഹപ്രവര്‍ത്തകനായിരുന്ന ലാലുപ്രസാദ് യാദവിന്‍റെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. പ്രമുഖ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെയും പുതുതലമുറയും രാഷ്ട്രീയത്തിലും അധികാരകേന്ദ്രങ്ങളിലും സജീവമാണ്.