നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും SIR ആയുധമാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വോട്ട് ബാങ്കിനായി ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണെന്നും രാജ്യവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റം നടന്നെങ്കിൽ സർക്കാരിന്റെ പരാജയമാണെന്നും ബീഹാറിലെ എസ്ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയെന്നും കോൺഗ്രസ് ചോദിച്ചു.
നംരൂപിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ കടന്നാക്രമിച്ചു. രാജ്യവിരുദ്ധ നയങ്ങളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണ്. അസമിലെ ജനങ്ങളെക്കുറിച്ച് കോൺഗ്രസിന് ആശങ്കയില്ലെന്നും മോദി.
ബ്രഹ്മപുത്ര വാലി ഫെര്‍ടിലൈസര്‍ കോര്‍പറേഷന്‍റെ പുതിയ അമോണിയ– യൂറിയ വളം നിര്‍മാണ പ്ലാന്‍റിന്‍റെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിച്ചു. ഗുവാഹത്തി വിമാനത്താവളത്തിന്‍റെ പുതിയ ടെര്‍മിനലും മോദി നാടിന് സമർപ്പിച്ചു. അതേസമയം നുഴഞ്ഞുകയറ്റം വർദ്ധിച്ചെങ്കിൽ അതിനു കാരണം സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാറാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചു. ബിഹാറിൽ നടത്തിയ എസ്.ഐ.ആറിൽ എത്ര നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. അസമിൽ എൻ.ആർ.സി പരാജയപ്പെട്ടപ്പോൾ, വോട്ടർ പട്ടിക ഉപയോഗിച്ച് പൗരത്വ പരിശോധന നടത്തുകയാണ് സർക്കാരെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി. വരുംദിവസങ്ങളിലും SIR ഉയർത്തി കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെയും സാമൂഹ്യപ്രവർത്തകരുടെയും തീരുമാനം.