ഹോട്ടലിൽ പൊറോട്ടയടിക്കാൻ എത്തിയ ഒരു അസം കാരനാണ് ഇപ്പോൾ തിരുവല്ലാക്കാരുടെ ഹീറോ. പൊറോട്ട സൂപ്പറായതുകൊണ്ട് മാത്രമല്ല കക്ഷി മിസ്റ്റർ പത്തനംതിട്ട മൽസരത്തിലെ രണ്ടാം സ്ഥാനക്കാരനാണ്. അഞ്ചു വർഷത്തെ കഠിന പരിശ്രമമാണ് ഫരീദുൾ ഇസ്ലാമിൻ്റെ നേട്ടത്തിന് പിന്നിൽ.
ഹോട്ടലിലെത്തുന്ന ജിമ്മന്മാരെ കണ്ടപ്പോഴാണ് ബോഡി ബിൽഡിങ്ങിൽ തനിക്കും ഒരു കൈ നോക്കണമെന്ന ആഗ്രഹം ഫരീദുള്ളിന്റെ മനസ്സിൽ മുള പൊട്ടിയത്. പണ്ടെന്നോ സ്വന്തം നാട്ടിൽ വെച്ച് ചെയ്തിരുന്ന വർക്കൗട്ടുകൾ ഒന്നുകൂടി ചെയ്തു നോക്കി. ആ ആത്മവിശ്വാസവുമായി നേരെ ജിമ്മിലേക്ക്.
പരിശീലനം തുടങ്ങി ഒരു വർഷത്തിനകം 2025ലെ മിസ്റ്റർ പത്തനംതിട്ട ശരീര സൗന്ദര്യമൽസരത്തിൽ വെള്ളി നേടി തുടക്കം. സ്ഥിരതയാർന്ന പരിശീലനം ഈ വർഷവും നേട്ടം സമ്മാനിച്ചു. മിസ്റ്റർ കേരള മൽസരമാണ് ഈ 25കാരൻ്റെ അടുത്ത ലക്ഷ്യം.