അസമിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. ഇന്നലെ രാത്രി കാണാതായ വിമാനം തകര്‍ന്നതായി ഇന്ന് രാവിലെയാണ് വ്യോമസേന സ്ഥിരീകരിച്ചത്. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര യുദ്ധവിമാനമായ സുഖോയ് - 30 എംകെഐ യുദ്ധവിമാനമാണ് അസമിലെ കാർബി ആംഗ്ലോങ് ജില്ലയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവര്‍ വീരമൃത്യുവരിച്ചു.
ജോർഹട്ട് വ്യോമതാവളത്തിൽനിന്ന് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന വിമാനം ഇന്നലെ രാത്രി 7:42നാണ് റഡാറിൽനിന്ന് കാണാതായത്. പുലർച്ചെ ഒരു മണിയോടെ വിമാനം തകർന്നതായി വ്യോമസേന അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൈലറ്റുമാരുടെ മരണം സ്ഥിരീകരിച്ചത്. ഇരുവരും പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാങ്കേതിക തകരാറാണോ മോശം കാലാവസ്ഥയാണോ അപകട കാരണമെന്നും വ്യോമസേന അന്വേഷിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനയും അറിയിച്ചു.
റഷ്യൻ സാങ്കേതികവിദ്യയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിക്കുന്ന ഇരട്ടസീറ്റുകളുള്ള മൾട്ടിറോൾ യുദ്ധവിമാനമാണ് സുഖോയ്-30 MKI. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 260ലധികം സുഖോയ് വിമാനങ്ങളുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്‍റെ സൈനിക, ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ച സുഖോയ് വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. 2024 ജൂണില്‍ മഹാരാഷ്ട്രയിലെ നാസിക്കിലും 2023 ജനുവരിയില്‍ മധ്യപ്രദേശിലെ ഗ്വാളിയോറിലും സുഖോയ് 30 എംകെഐ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.