Patna: JD(U) chief Nitish Kumar reacts as he is being chosen leader of the NDA during a meeting with the newly elected MLAs of the alliance partners, in Patna, Wednesday, Nov. 19, 2025. BJP MLAs Samrat Choudhary and Vijay Kumar Sinha are also seen. (PTI Photo) (PTI11_19_2025_000356B)
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ഗാന്ധി മൈതാനിയില്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്താം തവണയും ബിഹാറിന്‍റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേല്‍ക്കുന്നത് കാണാന്‍ മൂന്നരലക്ഷത്തോളം ജനങ്ങള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. Read More: 25 വര്‍ഷത്തിനിടെ പത്താംവട്ടം മുഖ്യമന്ത്രി; നിതീഷ് കുമാര്‍ എന്ന മാന്ത്രികന്‍
ബിജെപിയില്‍ നിന്ന് 16ഉം ജെഡിയുവില്‍ നിന്ന് 14 മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ബിജെപിയുടെ പ്രേം കുമാറാകും നിയമസഭാ സ്പീക്കര്‍. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിയുവിനാണ്. മന്‍ഹര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് സിങ് കുഷ്വാഹയും മന്ത്രിയായേക്കും. ചിരാഗിന്‍റെ എല്‍ജെപിക്കും ജിതന്‍ റാം മാഞ്ചിയുടെയും ഉപേന്ദ്ര കുഷ്വാഹയുടെ ആര്‍എല്‍എമ്മിനും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. മൂന്ന് മന്ത്രിമാര്‍ എല്‍ജെപിയില്‍ നിന്നുണ്ടാകുമെന്നും എച്ച്എഎംഎസിനും ആര്‍എല്‍എമ്മിനും ഓരോ മന്ത്രിസ്ഥാനമുണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ജെഡിയു നേതാക്കളായ ബിേജന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി, ശ്രോവന്‍ കുമാര്‍, സുനില്‍ കുമാര്‍, ലേസി സിങ്, ഷെയ്ല മണ്ഡല്‍, മദന്‍ സാഹ്നി, രത്നേഷ് സദാ, മുഹമ്മദ് സമ ഖാന്‍, ജയന്ത് രാജ്, ഉമേഷ് സിങ് കുഷ്വാഹ, അശോക് ചൗധരി എന്നിവരാകും ജെഡിയുവില്‍ നിന്നുള്ള മന്ത്രിമാര്‍. ജെഡിയുവിലെ തന്നെ രാഹുല്‍ കുമാര്‍ സിങ്, സുധാംശു ശേഖര്‍, കലാധര്‍ പ്രസാദ് മണ്ഡല്‍, പന്നാലാല്‍ സിങ് പട്ടേല്‍ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. അതേസമയം ബിജെപിയില്‍ നിന്ന് പുതുമുഖങ്ങള്‍ക്കാകും അവസരം ലഭിക്കുക.
243 ല്‍ 202 സീറ്റും 46.5 ശതമാനം വോട്ടുകളും നേടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത്. 85 സീറ്റുകളില്‍ നിതീഷിന്‍റെ ജെഡിയു ജയിച്ചപ്പോള്‍ 89 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയും ആയിരുന്നു. 19 സീറ്റുകളാണ് ചിരാഗ് പസ്വാന്‍റെ എല്‍ജെപിക്കുള്ളത്. ഭരണം ഉറപ്പിച്ചതിന് പിന്നാലെ ബുധനാഴ്ചയാണ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് മുന്നിലെത്തി രാജി സമര്‍പ്പിച്ചത്. രാജി സ്വീകരിച്ച ഗവര്‍ണര്‍ അദ്ദേഹത്തോട് കെയര്‍ടേക്കര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ചേര്‍ന്ന് എന്‍ഡിഎയുടെ യോഗം സാമ്രാട്ട് ചൗധരിയെ ബിജപി നിയമസഭാ കക്ഷി നേതാവായും വിജയ് കുമാര്‍ സിന്‍ഹയെ ഉപനേതാവായും നിശ്ചയിച്ചു.