പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പ് എന്‍.ഡി.എ വിപുലീകരിക്കാനും പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും ബി.ജെ.പി നീക്കം. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കമിടും. മധ്യകേരളത്തില്‍ എന്‍.ഡി.എയുടെ കരുത്ത് പ്രകടമാക്കുന്നത് കൂടിയാകും മോദി പങ്കെടുക്കുന്ന റാലി. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നത് ആലോചനയിലുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ബുധനാഴ്ച മൂന്ന് മണിക്കൂര്‍ മോദി കൊച്ചിയിലുണ്ടാകും. മൂന്ന് ഔദ്യോഗിക പരിപാടികള്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണത്തിന്‍റെ കേളികൊട്ടാകുന്ന പര്യടനം വന്‍ ഹിറ്റാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. രാപകലില്ലാതെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ട്വന്‍റി ട്വന്‍റിയുടെ വരവോടെ മധ്യകേരളത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. എന്‍ഡിഎയിലേയ്ക്ക് കൂടുതല്‍ പാര്‍ട്ടികളെ മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് എത്തിക്കാനുള്ള അണിയറ നീക്കം സജീവമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ അടക്കം പ്രമുഖരെ ബിജെപിയിലെത്തിക്കാനും കരുനീക്കം നടക്കുന്നു. 

റെയില്‍വേയുടെ അടക്കം വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. നവീകരിച്ച റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതില്‍പ്പെടും. റെയില്‍വേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. മറൈന്‍ ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ബിജെപി പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നത് ആലോചനയിലുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഉച്ചകഴിഞ്ഞ് 3.20ന് പ്രധാനമന്ത്രി തമിഴ്നാട്ടിലേയ്ക്ക് പോകും. 

BJP to Expand NDA Ahead of PM Modi's Kerala Trip:

Narendra Modi Kerala Visit marks the beginning of BJP's election campaign in Kerala, aiming to strengthen the NDA's position. The Prime Minister's visit to Kochi includes official programs and aims to boost the party's prospects in central Kerala