• ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കും?
  • വിമര്‍ശകരുടെ വായടപ്പിച്ച് ചിരാഗ്

ബിഹാര്‍ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ വിജയത്തില്‍ നിതീഷ്–മോഡി സഖ്യത്തിനൊപ്പം  ചേര്‍ത്തുവയ്ക്കേണ്ട പേരായി ചിരാഗ് പാസ്വാന്‍. ചോദിച്ചു വാങ്ങിയ 29 സീറ്റുകളില്‍ 19 മിന്നുന്ന ജയവുമായി എല്‍ജെപി തല ഉയര്‍ത്തി നില്‍ക്കുന്നു. തുടക്കം മുതല്‍ രണ്ടക്കത്തില്‍ ലീഡ് പിടിച്ച പാസ്വാന്‍റെ ടീം വമ്പന്‍ സര്‍പ്രൈസാണ് സഖ്യത്തിന് നല്‍കിയത്. ബിഹാറില്‍ നിന്നുള്ള കരുത്തനായ നേതാവായി കൂടി അവരോധിക്കപ്പെടുകയാണ് ചിരാഗെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. റാം വിലാസ് പാസ്വാന്‍റെ വ്യക്തി പ്രഭാവവും രാഷ്ട്രീയ പ്രാഗല്‍ഭ്യവും ജനസമ്മിതിയുമൊന്നും ചിരാഗിനില്ലെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. കഷ്ടപ്പെട്ട് നേടിയെടുത്ത സീറ്റുകളിലെല്ലാം വിശ്രമമില്ലാതെ ഓടി നടന്ന് കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പാസ്വാന്‍ പണിയെടുത്തു. അതിന്റെ ഫലമാണിതെന്ന് പ്രാദേശിക നേതാക്കളും പറയുന്നു. 

2020ല്‍ നിതീഷ് കുമാറുമായുണ്ടായ അഭിപ്രായ  വ്യത്യാസത്തെ തുടര്‍ന്ന് തനിച്ച് മല്‍സരിച്ച എല്‍ജെപിക്ക് ഒറ്റ സീറ്റില്‍ മാത്രമാണ് അന്ന് വിജയിക്കാനായത്.  ഇതിന്‍റെ ക്ഷീണം മാറും മുന്‍പേ പശുപതി കുമാര്‍ പരാസ് പാര്‍ട്ടി പിളര്‍ത്തുകയും റാം വിലാസ് പാസ്വാന്‍റെ രാഷ്ട്രീയ അനന്തരാവകാശി താനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  യുവ ബിഹാറിയായി സ്വയം ഉയര്‍ത്തിക്കാട്ടി പിടിച്ചു നിന്ന ചിരാഗാവട്ടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച  അ‍ഞ്ച് സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാണ് ദേശീയ രാഷ്ട്രീയത്തില്‍ വരവറിയിച്ചത്. 

ചോദിച്ച സീറ്റ് കിട്ടാതായതോടെ ഒരുഘട്ടത്തില്‍ പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിയുമായി വരെ സഹകരിക്കാന്‍ ചിരാഗ് ആലോചിച്ചു. എന്നാല്‍ പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. വിമര്‍ശകരുടെ വായടപ്പിച്ചുള്ള പ്രകടനമാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി പുറത്തെടുത്തിരിക്കുന്നത്. 2005 ഫെബ്രുവരിയില്‍ റാം വിലാസ് പാസ്വാന്‍റെ നേതൃത്വത്തിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി 20 സീറ്റ് നേടിയിട്ടുള്ളത്. 

ബിഹാറിന്‍റെ ഭാവി മുഖ്യമന്ത്രി?

ദേശീയ രാഷ്ട്രീയത്തിലല്ല, സംസ്ഥാനത്ത് തന്നെ ചുവടുറപ്പിക്കാനാണ് തന്‍റെ ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകരോട് ചിരാഗ് പറ‍ഞ്ഞത്. സംസ്ഥാന മുഖ്യമന്ത്രിയായി തന്നെ കണ്ടാലും അതിശയിക്കേണ്ടതില്ലെന്നും ആത്മവിശ്വാസത്തോടെ ചിരാഗ് അന്ന് പറഞ്ഞു. 'ഭാവി എനിക്കായി എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് അറിയില്ല. ഒരു ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അടുത്തതിലേക്ക് പോകാമെന്നാണ് എന്‍റെ നിലപാട്. ഇപ്പോള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ് , തിരഞ്ഞെടുപ്പുകളും 2027ലെ പഞ്ചാബ് തിരഞ്ഞെടുപ്പുമാണ് മുന്നിലുള്ളത്. അതിന് ശേഷം 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പും. മോദി നാലാമതും പ്രധാനമന്ത്രിയാകുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നീട് ഞങ്ങള്‍ 2030 ലേക്ക് തയാറെടുക്കും' എന്നായിരുന്നു എന്‍ഡിടിവിയുടെ പ്രീ പോള്‍ അഭിമുഖത്തില്‍ പ്രതികരിച്ചത്. വികസനത്തിലൂന്നിയുള്ള രാഷ്ട്രീയത്തിന് ജനം വോട്ട് ചെയ്തതാണ് എന്‍ഡിഎയുടെ വിജയത്തിന് കാരണമെന്നും എല്‍ജെപി പ്രതികരിച്ചു. ഉജ്വല പ്രകടനം കാഴ്ചവച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉപമുഖ്യമന്ത്രി പദം ചിരാഗ് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

Chirag Paswan has emerged as a powerhouse in Bihar politics, with his Lok Janshakti Party (LJP) leading in 20 out of the 29 seats contested, proving a significant surprise element in the NDA's victory. This performance silences critics who questioned whether he could inherit his father Ram Vilas Paswan's political legacy, especially after the 2020 debacle (when LJP won only one seat) and the subsequent party split. The LJP's stellar result matches its best performance since 2005. Chirag had previously expressed his ambition to focus on state politics, hinting at a future Chief Minister role, and is now reportedly eyeing the Deputy Chief Minister's post.

Google trending Topic: Chirag Paswan