ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി നേതാക്കള്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ബിഹാറിനെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മോദി സംസ്ഥാനത്തെത്തുന്നതെന്ന് എ.ഐ.സി.സി. മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി.
ബിഹാറിനെ ബീഡിയുമായി താരതമ്യം ചെയ്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചെന്ന് പ്രധാനമന്ത്രി. വിദേശത്ത് കറങ്ങിനടക്കുകയും ഹാലോവീന്‍ ആഘോഷിക്കുകയും ചെയ്യുന്നവര്‍ക്ക് രാമക്ഷേത്രത്തില്‍ പോകാന്‍ ഇതുവരെ സമയം കിട്ടിയില്ല. ഛട്ട് പൂജയെ അടക്കം അവര്‍ അപമാനിച്ചു. ആര്‍.ജെ.ഡിയുടെ പോസ്റ്ററുകളില്‍ എന്തുകൊണ്ട് ലാലുപ്രസാദ് യാദവിന്‍റെ ചിത്രം ഇല്ലെന്നും മോദി ചോദിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കായി മന്ത്രാലയം രൂപീകരിച്ചത് എന്‍.ഡി.എ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്നലെ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ പരാമര്‍ശത്തിന് പ്രാധാന്യം ഏറെയാണ്
ചോദ്യങ്ങള്‍ ചോദിക്കുമ്പോഴെല്ലാം സംസ്ഥാനത്തെ അപമാനിച്ചു എന്നാണ് മോദി പറയുന്നത്. അപമാന മന്ത്രാലയം രൂപീകരിക്കുകയാണ് മോദി ചെയ്യേണ്ടതെന്നും പ്രിയങ്ക ഗാന്ധിയുടെ പരിഹാസം. കോണ്‍ഗ്രസിനെ തോക്കിന്‍ കുഴലില്‍ നിര്‍ത്തിയാണ് ആര്‍.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാര്‍ഥി പദം നേടിയതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തി. പദവിക്ക് ചേര്‍ന്ന പരാമര്‍ശമല്ല ഇതെന്ന് ഖര്‍ഗെ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മൂന്ന് റാലികളില്‍ പങ്കെടുത്തു