ai-generated-image-bihar

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

ബിഹാറിലെ ഈസ്റ്റ് ചംപാരണ്‍ ജില്ലയില്‍ വെള്ളക്കുഴിയില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. ഇതില്‍ അഞ്ചും പെണ്‍കുട്ടികളാണ്. ലോഹാര്‍ഗാവയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളിലൊരാള്‍ രാഘ്‍വ നദിക്കടുത്ത് വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ കുളിക്കാനിറങ്ങി. ഇടയ്ക്കുവച്ച് കാല്‍വഴുതി മുങ്ങാന്‍ തുടങ്ങിയപ്പോള്‍ കുട്ടി നിലവിളിച്ചു. പിടിച്ചുകയറ്റാന്‍ ശ്രമിച്ച കുട്ടിയും വെള്ളത്തില്‍ വീണു. പിന്നെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് നാല് കുട്ടികളും മുങ്ങിപ്പോയി. ആരെയും രക്ഷിക്കാനായില്ല.

ദീക്ഷ കുമാരി (12), പ്രിയ കുമാരി (7) സോനാക്ഷി കുമാരി (9), ആരാധ്യ കുമാരി (11), ഛോട്ടി കുമാരി (8), പ്രിന്‍സ് കുമാര്‍ (11) എന്നിവരാണ് മരിച്ചത്. ദീക്ഷയും പ്രിയയും സോനാക്ഷിയും സഹോദരിമാരാണ്. ആഴമുള്ള സ്ഥലമായതിനാല്‍ കുട്ടികളെ രക്ഷപെടുത്താന്‍ സമീപത്തുണ്ടായിരുന്നവര്‍ക്ക് സാധിച്ചില്ല. പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് കേസരിയ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാഹുല്‍ കുമാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

ഹോളി ആഘോഷത്തിനിടെയുണ്ടായ ദുരന്തം പ്രദേശത്തെയാകെ ദുഖത്തിലാഴ്ത്തി. മോത്തിഹാരിക്കടുത്ത് രാഘ്‍വ പഞ്ചായത്തില്‍ കേസരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. വെള്ളക്കെട്ടുകളില്‍ നദീതീരത്തും മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ കുട്ടികളെ വിടരുതെന്ന് പഞ്ചായത്ത് അധികൃതരും പൊലീസും മുന്നറിയിപ്പ് നല്‍കി.

Tragedy in Bihar: Six Children Drown While Bathing in Water-Filled Pit:

Six children, including five girls, tragically drowned in a water-filled pit near the Gandaki (Raghwa) River in Bihar’s East Champaran district on Tuesday. The incident occurred during Holi celebrations when one child slipped into the deep water, and the others drowned while attempting a chain rescue. Local authorities and police recovered the bodies, identifying three of the victims as sisters from the same family. Officials have since issued an urgent warning to parents, advising against allowing children near water bodies without adult supervision.