modi-petrol

GST നിരക്കിളവും അതുവഴിയുള്ള വിലക്കുറവും  ഉയര്‍ത്തി രാജ്യവ്യാപക പ്രചാരണം നടത്തുകയാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും. GST ഇളവ് ചര്‍ച്ചയാക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ല എന്ന ചോദ്യമാണ് ഇപ്പോള്‍  ഉയരുന്നത്. ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഈ ചോദ്യം കേന്ദ്രത്തെ പ്രതിരോധിലാക്കും.

ജി.എസ്.ടിയില്‍ വമ്പന്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും മന്ത്രിമാര്‍ അതേക്കുറിച്ച് വാചാലരാകുമ്പോഴും ഇന്ധനവിലയെ കുറിച്ച് മാത്രം മൗനത്തിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കാര്യമായി കുറഞ്ഞിരിക്കെ പെട്രോള്‍ ഡീസല്‍ വില കുറച്ചാല്‍ പൊതുജനങ്ങള്‍ക്ക് അതുണ്ടാക്കുന്ന നേട്ടം വലുതായിരിക്കും. കുറഞ്ഞനിരക്കില്‍ റഷ്യന്‍ എണ്ണകൂടി വാങ്ങുമ്പോള്‍ എന്തുകൊണ്ട് വില കുറയ്ക്കുന്നില്ലെന്ന ചോദ്യം ന്യായവുമാണ്. 

2022 ല്‍ ക്രൂഡ് ഓയിലിന് 95 ഡോളറായിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് ശരാശരി 95 രൂപയും ഡീസലിന് 86.38 രൂപയും ആയിരുന്നു വില. ഇപ്പോള്‍ ക്രൂഡ് ഓയിലിന് 67.56 ഡോളറെ ഉള്ളു. പക്ഷേ പെട്രോള്‍ വില ശരാശരി 105 രൂപയും ഡീസലിന് 95 രൂപയും. അതായത് ക്രൂഡ് വില 17 ഡോളറിലേറെ കുറഞ്ഞപ്പോഴും രാജ്യത്ത് ഇന്ധനവില 10 രൂപ വര്‍ധിക്കുകയാണ് ചെയ്തത്.

2020 ല്‍ കോവിഡ് കാലത്താണ് ക്രൂഡ് ഓയില്‍വില വന്‍തോതില്‍ കുറഞ്ഞത്. 39 ഡോളറായിരുന്നു. അന്നും അതിന്‍റെ ഗുണം ലഭിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ 10 രൂപ എക്സൈസ് ഡ്യൂട്ടി കൂട്ടുകയാണ് ചെയ്തത്. ഇന്ധന വിലകുറച്ചാല്‍ ചരക്കുനീക്കത്തിനടക്കം ചെലവ് കുറയുകയും അതുവഴി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നിരിക്കെ അക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്.

ENGLISH SUMMARY:

Fuel price hike is a significant concern given the reduced crude oil prices and GST rate cuts. The government's silence on lowering fuel prices despite these factors raises questions about their commitment to easing the burden on the public and controlling inflation.