**EDS: THIRD PARTY IMAGE** In this image via DIPR, Karnataka Deputy Chief Minister DK Shivakumar speaks during the Monsoon session of the state Assembly, in Bengaluru, Tuesday, Aug. 19, 2025. (DIPR via PTI Photo)(PTI08_19_2025_000522A)
കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് ഗണഗീതത്തിന്‍റെ ആദ്യവരികള്‍ പാടിയതിന് പിന്നാലെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. തന്‍റെ സിരകളിലൂടെ ഒഴുകുന്നത് കോണ്‍ഗ്രസിന്‍റെ രക്തമാണെന്നും ജീവനും പാര്‍ട്ടിയുടേതാണെന്നും അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യക്ഷത്തിലോ പരോക്ഷമായോ ആര്‍എസ്എസുമായോ ബിജെപിയുമായോ കൈ കോര്‍ക്കുമോ എന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും സംഘടനകളെ കുറിച്ചും താന്‍ പഠിക്കാറുണ്ടെന്നും അതിന്‍റെ ഭാഗമായി ആര്‍എസ്എസിനെ കുറിച്ചും പഠിച്ചിട്ടുണ്ടെന്നും ഡി.കെ. വ്യക്തമാക്കി. ആര്‍എസ്എസ് എങ്ങനെയാണ് വളര്‍ന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഗ്രാമ–നഗര വ്യത്യാസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതെങ്ങനെയെന്നും എനിക്കറിയാം. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ എല്ലാത്തിനെ കുറിച്ചും ധാരണയുണ്ടാക്കാറുണ്ടെന്നും അതിന്‍റെ ഭാഗമായി ഗണഗീതവും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍സിബിയുടെ വിജയാഹ്ലാദ പരിപാടിക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് ഡി.കെ.ശിവകുമാര്‍ ഗണഗീതത്തിന്‍റെ തുടക്കം പാടിയത്. ഡി.കെയും ഒരിക്കല്‍ ആര്‍എസ്എസ് വസ്ത്രം ധരിച്ചിട്ടുണ്ടല്ലോയെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക് ഓര്‍മിപ്പിച്ചതോടെയാണ് ഗണഗീതത്തിന്‍റെ രണ്ടുവരി ചെറുചിരിയോടെ ഉരുവിട്ടത്. ഈ ചൊല്ലിയത് സഭാരേഖകളില്‍ നിന്ന് നീക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിവാദം കൊഴുത്തതോടെയാണ് ശത്രുക്കളാരെന്നും മിത്രങ്ങളാരെന്നും അറിയാമെന്നും ആര്‍എസ്എസിന്‍റെ ഗണഗീതം ഉരുവിട്ടത് ആര്‍എസ്എസ് എന്താണെന്നും അതിന്‍റെ ചരിത്രമെന്തെന്നും തനിക്കറിയാമെന്ന് കാണിക്കാനാണെന്നും ഡി.കെ. നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ നേതാവാണ് താനെന്നും അന്ത്യം വരെ അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.