നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ  പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്‍റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്ലക്സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. 

സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക് എത്തുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമമെന്നാണ് സൂചന. 

തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്ത് വിടും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഴുപതിടത്ത് ഒറ്റപ്പേരിലെത്താന്‍ കഴിഞ്ഞു. 15 സീറ്റില്‍ ഒന്നിലധികം പേരുകളുണ്ട്. ഇതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. തിരുവനന്തപുരത്തെ അഞ്ച് സീറ്റുകളില്‍ ആരെ നിര്‍ത്തണമെന്നതില്‍ തര്‍ക്കം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:

Tensions rise in Kerala Congress as sitting MP K. Sudhakaran demands the Kannur Assembly seat for the 2026 elections. Supporters have placed flex boards in Kannur hailing him as the leader to defeat Pinarayi Vijayan. While KPCC initially decided against fielding MPs, reports suggest a possible exemption for Sudhakaran and Adoor Prakash. Congress is expected to release its first phase candidate list of 55 constituencies today, March 17, 2026, amidst high-level discussions in Delhi.