സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം ബക്കാഡി കമ്പനിയെ സഹായിക്കാനാണെന്ന പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിന് നിയമസഭയിൽ രേഖകൾ നിരത്തി എണ്ണിയെണ്ണി മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ വഴിയൊരുക്കിയതും വിദേശമദ്യച്ചട്ടം ഭേദഗഗതി ചെയ്തതും കഴിഞ്ഞ പിണറായി വിജയൻ സർക്കാരാണെന്ന് മുഖ്യമന്ത്രി രേഖകൾ ഉദ്ധരിച്ച് സഭയിൽ തുറന്നടിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് മുന്നണിയിൽ ചർച്ച ചെയ്ത ശേഷമേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കകം, അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദനാണ് വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം നൽകാനും വിൽപനയ്ക്ക് വഴിയൊരുക്കാനും ആദ്യമായി ഫയലിൽ കുറിച്ചതെന്ന് മുഖ്യമന്ത്രി രേഖകൾ സഹിതം വ്യക്തമാക്കി. "ബക്കാഡി ഇന്ത്യ, എസ്.ഡി.എഫ് ഇൻഡസ്ട്രീസ് എന്നിവ നൽകിയ അപേക്ഷകൾ പരിഗണിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുക" എന്ന എം.വി ഗോവിന്ദന്റെ കുറിപ്പ് മുഖ്യമന്ത്രി സഭയിൽ വായിച്ചു.

2022-23 വർഷത്തെ മദ്യനയത്തിന്റെ ഭാഗമായി 0.5% മുതൽ 20% വരെ ആൽക്കഹോൾ അടങ്ങിയ മദ്യം വിൽക്കുന്നതിനായി വിദേശമദ്യച്ചട്ടത്തിൽ ഭേദഗതി വരുത്തിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് എം.വി ഗോവിന്ദൻ തന്നെ മുൻപ് നിയമസഭയിൽ നൽകിയ മറുപടിയും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. മുൻ സർക്കാർ ചട്ടം ഭേദഗതി ചെയ്ത് വെച്ച ഫയൽ ബജറ്റിന് മുന്നോടിയായി വന്നപ്പോഴാണ് പുതിയ സർക്കാർ നികുതി ഘടന നിശ്ചയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ബിയറിന് 116 ശതമാനവും വൈനിന് 66 ശതമാനവും നികുതിയുള്ളപ്പോൾ, വീര്യം കുറഞ്ഞ മദ്യത്തിന് ഇതിനിടയിൽ ഒരു നികുതി നിരക്ക് നിശ്ചയിക്കാനായിരുന്നു മുൻ സർക്കാരിന്റെ നീക്കമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി, എന്നാൽ യു.ഡി.എഫ് സർക്കാർ കൂടുതൽ ഉയർന്ന നികുതിയാണ് ചുമത്തിയതെന്ന് അവകാശപ്പെട്ടു. പുതിയ ബജറ്റ് പ്രകാരം 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോളുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ 175 ശതമാനവുമാണ് നികുതി. ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ രൂക്ഷമായആക്രമണത്തിനും മുഖ്യമന്ത്രി മുതിർന്നു. 2018-19ൽ മുൻ ധനമന്ത്രി തോമസ് ഐസക് വിദേശ നിർമിത വിദേശമദ്യത്തിന് (FMFL) വെറും 78 ശതമാനം നികുതി ചുമത്തിയപ്പോൾ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് (IMFL) 210 ശതമാനം നികുതിയുണ്ടായിരുന്നു. "ജോണി വാക്കറിൽ നിന്നും ഷീവാസ് റീഗലിൽ നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ അന്ന് നികുതി കുറച്ചതെന്ന്" മുഖ്യമന്ത്രി പരിഹസിച്ചു.

2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ 22 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഭരണം ഒഴിഞ്ഞപ്പോൾ അത് 900-ൽ അധികമായി വർധിപ്പിച്ചത് മദ്യ വ്യാപനം തടയാനായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. "അതിന് പ്രതിപക്ഷത്തിന് എത്ര കിട്ടി എന്ന് താൻ ചോദിക്കുന്നില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് ചർച്ച ചെയ്ത് എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും, ബജറ്റിലെ നികുതി നിർദേശം പിൻവലിക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞില്ല. ഒന്നാം തീയതി സഭയിൽ വരുന്ന ധനബില്ലിൽ ഈ നിർദേശം ഉൾപ്പെടുമോ എന്നതിലും വ്യക്തതയില്ല. നികുതി നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി പാസാക്കിയ ശേഷം മുന്നണിയിൽ ചർച്ച ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എക്സൈസ് മന്ത്രി അറിയാതെയും പാർട്ടിയിൽ ആലോചിക്കാതെയും തീരുമാനമെടുത്തു എന്ന വിമർശനങ്ങൾക്ക്, ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും എന്നാൽ മദ്യനയം പോലുള്ള വിഷയങ്ങളിൽ മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്ത് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി മറുപടി നൽകി.

ENGLISH SUMMARY:

Kerala's current government, led by CM VD Satheesan, has revealed official documents in the assembly demonstrating that the previous Pinarayi Vijayan government amended foreign liquor rules to allow the sale of low-alcohol beverages. These revelations aim to counter corruption allegations leveled by the opposition, with the Chief Minister highlighting specific files signed by the then Excise Minister MV Govindan.