ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പുതിയ കേസെടുത്തേക്കും. വിഷയം സംബന്ധിച്ച് സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്യുക. ഈ പുതിയ കേസിനെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇ.ഡി അന്വേഷണവുമായി ബന്ധപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 

അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ സി.എം.ആർ.എൽ (CMRL) ഉദ്യോഗസ്ഥർക്ക് ഇ.ഡി സമൻസ് അയച്ചു. കമ്പനിയിലെ മുതിർന്ന ജീവനക്കാരും ഓഡിറ്റർമാരും ഉൾപ്പെടെ ഏഴ് പേർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകൾ, ബാലൻസ് ഷീറ്റുകൾ, നികുതി വിവരങ്ങൾ എന്നിവ വിശദമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സമൻസ്. 

കൂടുതൽ തെളിവുശേഖരണവും രേഖകളുടെ സൂക്ഷ്മപരിശോധനയും പൂർത്തിയായ ശേഷം മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഉടമയുമായ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും. ഡിജിറ്റൽ തെളിവുകളും ജീവനക്കാരുടെ മൊഴികളും ക്രോസ് വിസ്താരം ചെയ്ത ശേഷമായിരിക്കും വീണയ്ക്ക് വീണ്ടും ഹാജരാകാൻ സമൻസ് അയക്കുക. 

ENGLISH SUMMARY:

The Enforcement Directorate may register a new case in the politically sensitive CMRL-Exalogic financial transaction matter if the State Vigilance files an initial FIR. According to reports, this potential new case will be treated separately from the ongoing investigation currently conducted by the agency.