കോൺഗ്രസുമായുള്ള ചർച്ചയിൽ ധാരണയാവാതെ വന്നതോടെ തിരുവമ്പാടിയിൽ മുസ്ലിം ലീഗ് തന്നെ മൽസരിക്കും. കൂടുതൽ വനിതകൾക്ക് അവസരം നൽകുന്ന സർപ്രൈസ് സ്ഥാനാർഥി പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കാനാണ് ലീഗ് ഒരുങ്ങുന്നത്. ലീഗ് മൽസരിച്ചിരുന്ന പുനലൂരും കോങ്ങാടും കോൺഗ്രസിന് വിട്ടു നൽകി.
തിരുവമ്പാടിക്ക് പകരമായി മുസ്ലിം ലീഗ് ആവശ്യപ്പെട്ട തവനൂർ വിട്ടു നൽകാൻ കോൺഗ്രസിൽ പ്രാദേശികമായി എതിർപ്പുയർന്നതോടെയാണ് രാത്രി വൈകിയും തുടർന്ന ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടത്. മണ്ഡലങ്ങൾ വച്ച് മാറുന്നതിൽ തിരുവമ്പാടിയിലെ പ്രാദേശിക ലീഗ് നേതൃത്വവും പ്രതിഷേധവുമായി എത്തിയിരുന്നു.
തിരുവമ്പാടി വിട്ടു നൽകിയാൽ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്.ജോയിക്ക് സീറ്റ് നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. ലീഗ് മൽസരിച്ചിരുന്ന പുനലൂരും കോങ്ങാടും കോൺഗ്രസിന് വിട്ടു നൽകി. പകരം ലീഗിന് ഏതു മണ്ഡലം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. കുറ്റ്യാടിയിൽ ജയന്തി രാജൻ, കുന്നമംഗലത്ത് ഫാത്തിമ തെഹലിയ, ബാലുശ്ശേരിയിൽ എ.പി.സ്മിജി, അഴീക്കോട് ഫരീദ തുടങ്ങിയ പേരുകൾ പട്ടികയിൽ അവസാന മണിക്കൂറിനുള്ള ചർച്ചയിലുണ്ട്.