തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ യുഡിഎഫ് ചിത്രം തെളിഞ്ഞത് മൂന്നിടത്ത് മാത്രം. കോവളത്ത് സിറ്റിങ് എം.എൽ.എ എം.വിൻസന്‍റ് തന്നെ വീണ്ടും ജനവിധി തേടുമ്പോള്‍ വട്ടിയൂർക്കാവിൽ കെ.മുരളീധരന്‍ പ്രചാരണം തുടങ്ങി. വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് മണ്ഡലമാണെന്ന് തീര്‍ച്ചയായിട്ടില്ല. തിരുവനന്തപുരം സി.എം.പിക്ക് നല്‍കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം നീളുകയാണ്.
ഉമ്മന്‍ചാണ്ടിയെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച 2011ലും തലസ്ഥാനജില്ലയില്‍ യുഡിഎഫിന്‍റെ സ്ട്രൈക്ക് റേറ്റ് എട്ടു സീറ്റായിരുന്നു. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അത് എം.വിന്‍സന്‍റില്‍ മാത്രം ഒതുങ്ങി. ഇത്തവണ മികച്ച തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന തലസ്ഥാന ജില്ലയില്‍ കോണ്‍ഗ്രസ് പട്ടിക പുറത്തുവരാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. എം.വിന്‍സന്‍റും കെ.മുരളീധരനും ആറ്റിങ്ങലില്‍ ആര്‍.എസ്.പിയുടെ സന്തോഷ് ഭദ്രനുമാണ് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥികള്‍.
തിരുവനന്തപുരം സീറ്റ് സി.പി.ജോണിന് മത്സരിക്കാന്‍ സി.എം.പിക്ക് നൽകാൻ ധാരണയായെങ്കിലും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞ ശേഷമേ മണ്ഡലം വിട്ടുനല്‍കു. തിരുവനന്തപുരം പ്രതീക്ഷിച്ച് നിന്ന വി.എസ്.ശിവകുമാറിന്‍റെയും കെ.എസ്.ശബരീനാഥന്‍റെയും കണ്ണുകള്‍ ഇപ്പോള്‍ അരുവിക്കരയിലാണ്.
കഴിഞ്ഞ തവണ കെ.മുരളീധരന്‍റെ രംഗപ്രവേശത്തിലൂടെ ഹോട്ട് സീറ്റായി മാറിയ നേമത്ത് ഹെവി വെയ്റ്റുകളെ കിട്ടിയിട്ടില്ല. ശബീരനാഥൻ മത്സരിച്ചില്ലെങ്കിൽ വൈഷ്ണ സുരേഷിനെയോ ജെ.എസ്.അഖിലിനെയോ പരിഗണിക്കും. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസിനെ പരിഗണിക്കുമ്പോള്‍ പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പ് ഉയരുന്നുണ്ട്. കഴക്കൂട്ടത്ത് ടി.ശരത്ചന്ദ്രപ്രസാദിന്‍റെയും കാട്ടാക്കടയില്‍ എം.ആര്‍.ബൈജുവിന്‍റെയും വാമനപുരത്ത് സുധീര്‍ഷാ പാലോടിന്‍റെയും വര്‍ക്കലയില്‍ വര്‍ക്കല കഹാറിന്‍റെയും പേരാണ് നേതൃത്വത്തിന്‍റെ മനസില്‍.