amit-shah

ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിന്‍മേല്‍ രാജ്യമാകെ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ അയോഗ്യരാകുമെന്ന വ്യവസ്ഥയെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം വാദങ്ങള്‍ ഉയരുന്നുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നിലവിലെ നിയമവും ഇപ്പോഴത്തെ ഭരണഘടനാഭേദഗതിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം.

30 ദിവസം തടവില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടം; ബില്ലിനെതിരെ പ്രതിപക്ഷം

മന്ത്രിമാരുടെ അയോഗ്യത സംബന്ധിച്ച് നിലവില്‍ പിന്തുടരുന്നത് 1951 ലെ ജനപ്രാതിനിത്യ നിയമമാണ്. ഇതനുസരിച്ച് ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ ആ സമയം മുതലാണ് ഒരു മന്ത്രി അയോഗ്യനാവുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് അയോഗ്യത നിശ്ചയിക്കേണ്ടതെന്ന് ഭരണഘടനയിലും വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ നിയമ നിര്‍മാണത്തിന് പകരം ഭരണഘടനതന്നെ ഭേദഗതി ചെയ്യുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. മാത്രമല്ല, കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിന് മുന്‍പേ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും. ഇത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 2013 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സുപ്രീംകോടതി അസാധുവാക്കിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. കോടതി ശിക്ഷിച്ചാലും മൂന്നുമാസത്തേക്ക് അയോഗ്യത വരില്ല എന്നായിരുന്നു ഭേദഗതി.

‘ജയിലിലടച്ചിട്ടും രാജിവെക്കാത്തതിന്റെ നിരാശയാണ് ഭേദഗതിക്ക് പിന്നില്‍’; ബില്ലിനെതിരെ മുഖ്യമന്ത്രി

എന്തായാലും ബില്‍ പാസാവാന്‍ നടപടിക്രമങ്ങള്‍ ഏറെയുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമെ ഭരണഘടനാ ഭേദഗതി സാധ്യമാകു. 

ENGLISH SUMMARY:

Minister Disqualification is at the center of recent discussions following the introduction of a constitutional amendment bill. The bill proposes disqualification after 30 days in jail, prompting debates about its implications for political eligibility.