കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ ഒരു പെട്രോൾ പമ്പും പൊലീസ് വാഹനങ്ങളും അടിച്ചുതകർത്തു. അക്രമസംഭവങ്ങളെ തുടർന്ന് പ്രവർത്തകർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. അതേസമയം, കേരള ഹൗസിന് സമീപവും പ്രതിഷേധം അരങ്ങേറി. കൂടുതൽ പ്രവർത്തകർ ജന്തർ മന്തറിലെ സമരവേദിയിലേക്ക് എത്തിച്ചേരുന്നുണ്ട്. സമരത്തിന് പിന്തുണയുമായി സിപിഎം നേതാക്കളായ എം.എ. ബേബി ഉൾപ്പെടെയുള്ളവർ ജന്തർ മന്തറിലെത്തി
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ചായിരുന്നു കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് മാര്‍ച്ച്. പാര്‍ലമെന്‍റ് മന്ദിരത്തിന് തൊട്ടടുത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പാര്‍ലമെന്‍റിന്‍റെ എല്ലാ ഗേറ്റുകളും ഉച്ചവരെ സുരക്ഷാ സേന അടച്ചു. ജന്തര്‍മന്തറിലെ സമരവേദി പൊലീസ് ബലമായി ഒഴിപ്പിച്ചു. ഇപ്പോഴും നഗരത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Also Read: ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; ലാത്തിച്ചാര്‍ജ്; കുഴഞ്ഞുവീണ് വിദ്യാര്‍ഥികള്‍
സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ആയിരക്കണക്കിന് യുവാക്കളാണ് ഡല്‍ഹിയിലെത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന നഗരത്തില്‍ സര്‍വസന്നാഹങ്ങളുമായി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും അണിനിരന്നു. അഭിജിത് ദീപ്കേയുടെയും സോനം വാങ്ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ആഗ്മോയുടെയും നേതൃത്വത്തില്‍ സമരക്കാര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്തു. ജന്തര്‍മന്ദറില്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ശക്തമായ ലാത്തിചാര്‍ജ്. പൊലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ എത്തുന്നത് തടയാന്‍ ജന്തര്‍മന്ദറിന് അടുത്തുള്ള പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ അടച്ചു.
പക്ഷേ പാര്‍ലമെന്‍റിന് തൊട്ടടുത്തുള്ള സെന്‍ട്രല്‍ സെക്രട്ടറിയറ്റ് സ്റ്റേഷന്‍ തുറന്നിരുന്നു. ഇതോടെ പാര്‍ലമെന്‍റിന് വിളിപ്പാടകലെ സമരക്കാര്‍ തടിച്ചുകൂടി. സഭാസമ്മേളനം നടക്കുമ്പോള്‍ പുറത്ത് വന്‍ സംഘര്‍ഷം. പ്രധാനമന്ത്രിയടക്കം അതീവസുരക്ഷാ കാറ്റഗറിയില്‍പ്പെട്ട നിരവധിപേര്‍ പാര്‍ലമെന്‍റിനുള്ളില്‍ ഉള്ളപ്പോള്‍ പുറത്ത് സരമരക്കാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗം. ഇതോടെ പാര്‍ലമെന്‍റിന്‍റെ എല്ലാ ഗേറ്റുകളും അടച്ച സുരക്ഷാ സേന അകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര വിലക്കി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് രാജീവ് ചൗക്ക്, ജനപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർഥ് എന്നീ അഞ്ച് മെട്രോ സ്റ്റേഷനുകൾ കൂടി ഡി.എം.ആർ.സി തൽക്കാലത്തേക്ക് അടച്ചു.
ഇതിനിടെ കോക്രോച്ച് ജനത പാര്‍ട്ടി നേതാക്കളുമായി കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ കൂടിക്കാഴ്ച നടത്തി. പത്തുമിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്‍റെ തീരുമാനം പിന്നീട് അറിയിക്കാമെന്ന് നഡ്ഡ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ രാജിയാണ് സിജെപി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. അതേസമയം ധര്‍മേന്ദ്രപ്രധാന്‍ , ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ആദ്യദിനം സ്തംഭിച്ചു.
രണ്ടുമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് ജെപി നഡ്ഡയുമായി പത്തുമിനിറ്റ് കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചതെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്കുക, സോനം വാങ്ചുക്കിനെ വിട്ടയക്കുക, ചോദ്യപ്പേര്‍ ചോര്‍ച്ച മൂലം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ സിജെപി മുന്നോട്ടുവച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് നഡ്ഡ നേതാക്കളെ അറിയിച്ചു. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു അമിത് ഷാ – ധര്‍മേന്ദ്രപ്രധാന്‍ കൂടിക്കാഴ്ച. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പരീക്ഷ ക്രമക്കേട് ഉന്നയിച്ച് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം പ്രതിപക്ഷത്തെ ഭിന്നത വ്യക്തമാക്കി മേക്കേദാട്ടു അണക്കെട്ട് വിഷയമാണ് ഡിഎംകെ ഉന്നയിച്ചത്. സിജെപി സമരത്തെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യ സഖ്യ യോഗത്തില്‍ തര്‍ക്കമുണ്ടായി. സമരം സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്നും പിന്തുണയ്ക്കേണ്ടകില്ലെന്നും ചില നേതാക്കള്‍ വാദിച്ചു. ഇടതുപാര്‍ട്ടികള്‍ ഇതിനെ എതിര്‍ത്തു. സിപിഎം നേതാക്കള്‍ ഇന്നും സമരവേദി സന്ദര്‍ശിച്ചു. സോനം വാങ്ചുക്കിന് പിന്തുണ അറിയിച്ചെങ്കിലും സിജെപി സമരത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.