loksabha-protest

Sansad TV

30 ദിവസം ജയില്‍ കഴിയുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന വ്യവസ്ഥ ഉള്‍പ്പെട്ട ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികളെയും ഘടകകക്ഷികളെയും വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ഇന്ത്യ സഖ്യം തീരുമാനിച്ചു. അതേസമയം പ്രതിപക്ഷ ബഹളത്തിനിടെ ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരാന്‍ രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിവാദ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ട് 30 ദിവസം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമാകുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ബില്‍ എന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് നീക്കമെന്നും കെ.സി.വേണുഗോപാല്‍ എം.പി. വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് . ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബില്‍ ആണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു

ബില്ലിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ മുന്നണി യോഗം ചേര്‍ന്നു. ബില്‍ അവതരിപ്പിച്ചശേഷം സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സര്‍ക്കാര്‍ തീരുമാനം. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ വോട്ട് കൊള്ള, ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം എന്നിവയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ സഭാനടപടികള്‍ തടസപ്പെട്ടു.

ENGLISH SUMMARY:

Minister disqualification bill faces strong opposition. The opposition alleges that the bill is an attempt to control opposition parties and coalition partners, with the India alliance planning to raise strong protests in Parliament.