rahul-gandhi-protest-neet-parliament-row
  • കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണം. രാജ്യത്തെ വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി

വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണം. രാജ്യത്തെ വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിൽ ചർച്ച അനുവദിക്കാതിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിൽ വിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു. ചർച്ചയ്ക്കല്ല, സംഘർഷത്തിനാണ് കോൺഗ്രസ്‌ ശ്രമം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രധാൻ വിമർശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചതിലൂടെ സുരക്ഷാ പ്രോട്ടോക്കോളുകൾ അവഗണിച്ചു. നീറ്റ് വിഷയത്തിൽ സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ സന്നദ്ധത അറിയിച്ചിട്ടും കോൺഗ്രസ് വഴങ്ങുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, എം.പിമാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പാർലമെന്റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്‍റെ രാജി ആവശ്യവും ശക്തമാക്കും. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷ ക്രമക്കേടും സഭയിൽ ഉന്നയിക്കാൻ അനുവദിക്കണം എന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ല. 

പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മൂന്നര മണിക്കൂറിന് ശേഷം വിട്ടയച്ചു. ഇവർക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു നേതാക്കളെയും എംപിമാരെയും വിട്ടയച്ചിട്ടുണ്ട്. പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണെന്നും തന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ലെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെ കസ്റ്റഡിയില്‍വച്ച മന്ദിര്‍ മാര്‍ഗ് സ്റ്റേഷനിലേക്ക് സോണിയ ഗാന്ധിയുമെത്തിയിരുന്നു. കേന്ദ്രസർക്കാരും പൊലീസും ചേർന്ന് വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. 

ENGLISH SUMMARY:

Opposition Leader Rahul Gandhi and Congress leaders staged a protest near the Prime Minister's residence, demanding a parliamentary discussion on student issues and the resignation of Education Minister Dharmendra Pradhan over exam irregularities. Union Minister Dharmendra Pradhan criticized the protest, accusing Congress of exploiting students for political leverage and ignoring security protocols. Following the demonstration, Delhi Police briefly detained top opposition leaders, including Rahul Gandhi and Priyanka Gandhi, before releasing them. The incident has intensified political tensions, with the opposition planning further protests in both houses of Parliament