kerala-cm-criticizes-central-bill-pinarayi

ജയിലിലായാൽ സ്ഥാനം നഷ്ടമാക്കുന്ന കേന്ദ്ര ബില്ലിന് പിന്നിൽ കുതന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടുകയാണ് ലക്ഷ്യം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന പകപോക്കൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. ഏജൻസികളെ ഉപയോഗിച്ച് പല മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദീർഘകാലം ജയിലിലടച്ചു. അവർ രാജിവെക്കാത്തതിൻ്റെ നിരാശയാണ് പുതിയ ഭേദഗതിക്ക് പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

30 ദിവസം തടവുശിക്ഷ അനുഭവിച്ചാല്‍ മന്ത്രിമാരെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അത്യന്തം നാടകീയ രംഗങ്ങൾക്കും കയ്യാങ്കളിക്കും ഇടയിലായിരുന്നു ബിൽ അവതരണം. സംയുക്ത പാർലമെൻ്ററി സമിതി ബിൽ പരിശോധിക്കും. 

അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ട് 30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഭരണ, പ്രതിപക്ഷാംഗങ്ങളുടെ പോർവിളികൾക്കിടെ അമിത് ഷാ അവതരിപ്പിച്ചത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ബിൽ ഫെഡറലിസത്തെ തകർക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ENGLISH SUMMARY:

Central government bill targeting opposition governments. This bill, which disqualifies ministers after 30 days of imprisonment, is seen as an attack on federalism and a continuation of political vendettas.