modi-tharoor

TOPICS COVERED

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മോദി സര്‍ക്കാര്‍ അനുകൂല നിലപാട് തുടര്‍ന്ന് ശശി തരൂര്‍ എംപി. 78 വര്‍ഷത്തിനിടെ രാജ്യത്ത് അടിസ്ഥാന നയങ്ങള്‍ മാറിയെന്നും ബിജെപി സര്‍ക്കാരിന് കീഴില്‍ ശക്തമായ ദേശീയതയാണ് രാജ്യത്തെന്നും തരൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിലടക്കം കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങളെയും തള്ളിക്കളഞ്ഞു. തരൂരിന്‍റെ വാക്കുകളെ ബിജെപി ഏറ്റെടുക്കുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മൗനത്തിലാണ്. സംസ്ഥാന നേതാക്കള്‍ കരുതലോടെയാണ് പ്രതികരിച്ചത്.

ലണ്ടനിലെ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തവെയാണ് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യ മാറിയെന്ന് ശശി തരൂര്‍ പറഞ്ഞത്. ശക്തമായ ദേശീയത വിദേശ നയത്തില്‍ അടക്കം പ്രതിഫലിക്കുന്നുണ്ട്. വ്യക്തിപ്രഭാവത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ബിജെപി സര്‍ക്കാരിന്‍റെ ശ്രദ്ധ. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നേറിയെന്നും തരൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്ന ദേശീയദിന പത്രത്തിലെ ലേഖനത്തിലും തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തുന്നുണ്ട്. നയതന്ത്രത്തിന്‍റെയും ചര്‍ച്ചയുടെയും കാലംകഴിഞ്ഞു എന്ന് ഇന്ത്യ കാണിച്ചുകൊടുത്തു. പാക്കിസ്ഥാന്‍ പിന്‍മാറാന്‍ തയാറായതുകൊണ്ടുമാത്രമാണ് ഇന്ത്യ ആക്രമണം നിര്‍ത്തിയതെന്നും തരൂര്‍ വ്യക്തമാക്കി. 

മധ്യസ്ഥത വഹിച്ചെന്ന യുഎസ് നിലപാടില്‍ അടക്കം ഒട്ടേറെ കാര്യങ്ങളില്‍ വിശദീകരണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോഴാണ് തരൂര്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തുന്നത്. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുകൊണ്ടടക്കം സമീപകാലത്ത് തരൂര്‍ നടത്തിയ മോദി അനുകൂല പരാമര്‍ശങ്ങള്‍ ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നതും കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു. 

എഐസിസി. ഇതുവരെ ഔദ്യോഗികമായി തരൂരിന്‍റെ നിലപാടുകളോട് പ്രതികരിച്ചിട്ടില്ല. നോ കമന്‍റ്സ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ മറുപടി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തരൂര്‍ പുതിയ മേച്ചില്‍പുറം തേടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്ക് എന്ത് നല്‍കിയെന്ന് സ്വയം ചോദിക്കണമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. തല്‍ക്കാലം ഇടപെടേണ്ടെന്നാണ് ലീഗിന്‍റെ നിലപാട്.

ENGLISH SUMMARY:

Shashi Tharoor MP backs Modi government’s national policies, says India has seen a major shift in core ideology over 78 years. BJP welcomes remarks; Congress leadership silent.