Image Credit:x.com/pallavi
ബിഹാറില്‍ കോണ്‍ഗ്രസ് വിതരണം ചെയ്ത സാനിറ്ററി നാപ്കിനുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചതിനെതിരെ വ്യാപക സൈബര്‍ ആക്രമണം. രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതരത്തിലും സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിലും അശ്ലീല ട്രോളുകളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി ബിഹാറിലെ മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്കായി സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്തത്. അഞ്ചുലക്ഷം സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ഈ പാഡുകളുടെ പുറത്ത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ചിരുന്നതാണ് വിവാദമായത്. ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് സ്ത്രീകളില്‍ ബോധവല്‍ക്കരണം നടത്താന്‍ മഹിളാകോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, എന്നാല്‍ രാഹുലിന്‍റെ ചിത്രം പതിച്ച സാനിറ്ററി പാഡുകള്‍ സ്ത്രീകള്‍ക്കായി നല്‍കിയത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപണം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്നും ലജ്ജിപ്പിക്കുന്ന നടപടിയാണെന്നുമായിരുന്നു പരിഹാസം. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ ട്രോളുകള്‍ പ്രചരിച്ചത്.
ജൂലൈ അഞ്ചിനാണ് രാഹുലിന്‍റെ ചിത്രം പതിച്ച സാനിറ്ററി നാപ്കിന്‍ വച്ചുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രാഷ്ട്രീയ ആക്രമണമെന്നതിലുപരി ക്രിമിനല്‍ പ്രവര്‍ത്തനവും ലൈംഗിക വൈകൃതങ്ങളുമാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ പ്രചരിപ്പിക്കുന്നതെന്നും യൂത്ത്കോണ്‍ഗ്രസിന്‍റെ ലീഗല്‍ സെല്‍ വിലയിരുത്തുന്നു. ഇതോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കേസ് ഫയല്‍ ചെയ്തത്. ബിഹാറിന് പുറമെ കര്‍ണാടക, തെലങ്കാന,ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അശ്ലീല വിഡിയോകളും ട്രോളുകളും പങ്കുവച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങളടക്കമാണ് പരാതിയില്‍ ചേര്‍ത്തിരിക്കുന്നത്.
ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെ പതിവ് രീതിയാണെങ്കിലും ഇത് തീരെ നിലവാരം കുറഞ്ഞതായിപ്പോയെന്നും പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന ഒരു നീക്കം നടത്തിയതിനെ രാഷ്ട്രീയമായും ധാര്‍മികമായും താറടിച്ച് കാണിക്കുകയാണ് ബിജെപി ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ഉദയ് ബാനു ചിബ് വ്യക്തമാക്കി.
ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാല്‍ മാ ബഹിന്‍ സമ്മാന്‍ യോജന പദ്ധതി പ്രകാരം മാസം 2500 രൂപ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പ്രാരംഭഘട്ടമെന്നോണമാണ് സാനിറ്ററി നാപ്കിന്‍ വിതരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ആര്‍ത്തവകാലത്തെ ആരോഗ്യം സംരക്ഷണം എങ്ങനെയാണ്, ആര്‍ത്തവവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ എങ്ങനെ മാറ്റാം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ബോധവല്‍ക്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.