chidambaram

ബി.ജെ.പിയെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.ചിദംബരം. ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാര്‍ട്ടി ഇല്ല. ഇന്ത്യ സഖ്യം നിലവിലുണ്ടോ എന്ന് തനിക്കുറപ്പില്ലെന്നും ഡല്‍ഹിയില്‍ നടന്ന പൊതുപരിപാടിക്കിടെ ചിദംബരം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാര്‍ക്ക് പോലും കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന് ബിജെപി മറുപടി നല്‍കി.

ശശി തരൂരും പി ചിദംബരവും അടക്കമുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. സല്‍മാന്‍ ഖുര്‍ഷിദും മൃത്യുഞ്ജയ് സിങും ചേര്‍ന്ന് എഴുതിയ കണ്ടസ്റ്റിങ് ഡെമോക്രാറ്റിക് ഡെഫിസിറ്റ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു പി ചിദംബരത്തിന്റെ ബിജെപി പ്രശംസ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തൊട്ട് പൊലീസ് സ്റ്റേഷന്‍ വരെ നിയന്ത്രിക്കാനും പിടിച്ചെടുക്കാനും ബിജെപിക്ക് കഴിയുന്നു. ഒരു യന്ത്രം പോലെ അത് പ്രവര്‍ത്തിക്കുന്നു. ബിജെപിയെപോലെ  ശക്തവും സംഘടിതവുമായ മറ്റൊരു പാര്‍ട്ടി ഇല്ല എന്നുമായിരുന്നു ചിദംബരത്തിന്റെ വാക്കുകള്‍. ഇന്ത്യ സഖ്യം മികച്ച നീക്കമായിരുന്നെങ്കിലും അത് നിലവില്‍ ഉണ്ടോ എന്ന് തനിക്ക് ഉറപ്പില്ല. ഇനിയും സമയമുണ്ടെന്നും ശ്രമിച്ചാല്‍ ഇന്ത്യ സഖ്യത്തെ ശക്തമാക്കാനാകുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 

ചിദംബരത്തിന്റെ വീഡിയോ  നിമിഷങ്ങള്‍ക്കകം തന്നെ ബിജെപി നേതാക്കള്‍  സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചു. കോണ്‍ഗ്രസിന് ഭാവില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാര്‍ക്ക് പോലും ബോധ്യപ്പെട്ടെന്ന് ബിജെപി പ്രതികരിച്ചു.

ENGLISH SUMMARY:

Senior Congress leader P Chidambaram's remarks - on the staying power of the opposition INDIA bloc and about the ruling Bharatiya Janata Party's "formidable machinery", both warnings delivered with an eye on the 2029 general election - have been pounced upon by the latter.