File Image Credit: Reuters
സൗദിയിലെ അരാംകോയുടെ റാസ് ടാനുറ റിഫൈനറിയില്‍ ഇറാന്‍റെ ഡ്രോണ്‍ ആക്രമണം. രാവിലെയാണ് ആക്രമണം ഉണ്ടായത്. ഷഹീദ്–136 ഡ്രോണ്‍ ആണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രോണ്‍ പതിച്ചതിന് പിന്നാലെ തീ പിടിത്തമുണ്ടായെന്നും വലിയ പുക ഉയര്‍ന്നുവെന്നും ആളുകള്‍ കുറിക്കുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സൗദി അറിയിച്ചു. ആള്‍നാശമോ മറ്റ് നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അരാംകോയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, ഹൂതികളാണ് ആക്രമണം നടത്തിയതെന്നും ഇറാന്‍ നേരിട്ടല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ നിന്നും ഹിസ്ബുല്ലയും ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. സൈനിക നടപടി തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കുവൈത്തിലെ യുഎസ് എംബസിയിലും ദുബായിലും അബുദബിയിലും ദോഹയിലും ബഹ്റൈനിലുമടക്കം ഇറാന്‍ കടുത്ത ആക്രമണമാണ് നടത്തിയത്. അമേരിക്കയുടെ എഫ്–15 ഇഗിള്‍ യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട ഇറാന്‍,പടിഞ്ഞാറന്‍ കുവൈത്തില്‍ ഇത് തകര്‍ന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
സ്ഥിഗതികള്‍ കലുഷിതമായി തുടരുന്നതിനിടെ യുഎസിനൊപ്പം അണിചേരുമെന്ന് ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വ്യക്തമാക്കി. ഇറാന്‍റെ ആക്രമണങ്ങളെ അപലപിച്ച് ബഹ്റൈന്‍,ജോര്‍ദന്‍,ഖത്തര്‍,സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. അടിയന്തര യോഗം ചേര്‍ന്ന ജിസിസി വിദേശകാര്യമന്ത്രിമാര്‍ ഇറാന് തിരിച്ചടി നല്‍കുമെന്ന സൂചനയുമായി രംഗത്തെത്തി. ജിസിസിയെ പ്രതിനിധീകരിച്ച് ഒമാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് വീണ്ടും നീക്കം തുടങ്ങി