നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേര്‍ക്ക് വധശിക്ഷ. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗര്‍ അതിവേഗ കോടതിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറാണ് കൊലപാതകക്കേസുകളില്‍ തുടര്‍ച്ചായി വധശിക്ഷ വിധിച്ചത്. വിവാദമായതോടെ രവികുമാർ ദിവാകറിന്‍റെ കോടതിയിലെ കൊലപാതക കേസുകള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ് ജില്ലാ ജഡ്ജി.
97 കൊലപാതക കേസുകളാണ് പ്രത്യക ഉത്തരവിലൂടെ രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് തിരിച്ചുവിളിച്ച് ജില്ല സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങിന്‍റെ കോടതിയിലേക്ക് മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ കേസുകള്‍.
മുസഫർനഗറിലെ അതിവേഗ കോടതി നമ്പർ മൂന്നിലെ ജഡ്ജിയായ രവികുമാർ ദിവാകർ, ഏപ്രിൽ ആറിനും ജൂലൈ 17-നും ഇടയിലെ 100 ദിവസത്തിനുള്ളിൽമാത്രം 17 പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഏഴ് കൊലപാതക കേസുകളിലായി വിചാരണ നേരിട്ട 22 പ്രതികളില്‍ 17 പേർക്കായിരുന്നു വധശിക്ഷ. ഇതടക്കം നാല് മാസത്തിനിടെ 10 കേസുകളിലായി 22 കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചു. 1999 നും 2019 നും ഇടയിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടുന്ന കേസുകളിലായിരുന്നു ശിക്ഷാവിധി. നിരവധി കേസുകൾ ‘അപൂർവങ്ങളിൽ അപൂർവമായ’ വിഭാഗത്തിൽ പെടുന്നവയാണെന്നും പരമാവധി ശിക്ഷ ലഭിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കോടതി വധശിക്ഷ വിധിച്ചേക്കുമെന്ന് അഭിഭാഷകരും കക്ഷികളും ആശങ്ക പ്രകടിപ്പിച്ചിരുന്നതായി മുസഫർനഗർ ജില്ല ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പങ്കുവച്ചിരുന്നു. തർക്കമുള്ള ഭൂരിഭാഗം കേസുകളും ഇപ്പോൾ മാറ്റി.
സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി സ്ഥിരീകരിക്കുന്നതുവരെ നടപ്പാക്കാന്‍ കഴിയില്ല. സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവായി കുറയ്ക്കാറുണ്ട്. മുസാഫർനഗർ വിചാരണ കോടതി വിധിച്ച എല്ലാ വധശിക്ഷകളും അലഹബാദ് ഹൈക്കോടതി സ്ഥിരീകരിച്ചാലേ നടപ്പാക്കാനാകു. വധശിക്ഷയ്ക്കെതിരെ കുറ്റവാളികളുടെ അപ്പീലുകളും മേല്‍ക്കോടതികളിലുണ്ട്. ‘അപൂർവങ്ങളിൽ അപൂർവമായ’ കേസുകളിൽ മാത്രമേ വധശിക്ഷ നൽകാവൂ എന്ന് സുപ്രീം കോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
2022 ൽ വാരണാസിയിൽ ജഡ്ജിയായിരിക്കെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തില്‍ വിഡിയോഗ്രാഫി സർവേയ്ക്ക് ഉത്തരവിട്ടതോടെയാണ് രവികുമാർ ദിവാകര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2025 നവംബറിലാണ് രവികുമാർ മുസാഫർനഗര്‍ കോടതിയിലെത്തിയത്. കേസുകള്‍ മാറ്റിയത് ജഡ്ജിയുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കുമോയെന്നാണ് നിയമലോകം ഉറ്റുനോക്കുന്നത്.