Image Credit : Twitter
ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് നാടിനെ നടുക്കിയെ സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയായ ഭാര്യ ദിവ്യ മിശ്രയെയും മാനസികവെല്ലുവിളി നേരിടുന്ന സഹോദരി ശിവ വാജ്പേയിയേയുമാണ് ലഖ്നൗ സ്വദേശിയായ മാനസ് വാജ്പേയി കൊലപ്പെടുത്തിയത്. 38കാരനായ മാനസ് എസ്ബിഐ ജീവനക്കാരന്‍ കൂടിയാണ്. ഭാര്യയെ കൊലപ്പെടുത്തിയ മാനസ് താന്‍ സഹോദരിയെ കൊന്ന ശേഷം ജീവനൊടുക്കുമെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയോടെയാണ് നടുക്കിയ സംഭവം നടന്നത്. ഐസിഐസിഐ ബാങ്കില്‍ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്തുവരികയായിരുന്ന ഭാര്യ ദിവ്യയെ കാണാനായി ഉച്ചയോടെയാണ് മാനസ് സ്ഥലത്തെത്തിയത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ദിവ്യയെ പുറത്തേക്ക് വിളിച്ച മാനസ് അല്‍പം സമയത്തിനുളളില്‍ തന്നെ കയ്യില്‍ കരുതിയ തോക്കെടുത്ത് ദിവ്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ അവിടെ നിന്ന് കടന്നുകളഞ്ഞ മാനസ് തന്‍റെ അടുത്ത ലക്ഷ്യം സഹോദരിയാണെന്നും അതിന് ശേഷം ആത്മഹത്യ ചെയ്യുമെന്നും വാട്സ്ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചു.
മാനസ് പങ്കുവച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ...'എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. ഇനി ഞാൻ ആത്മഹത്യ ചെയ്യും. എന്റെ സഹോദരിയെയും കൊല്ലും. ഭാര്യയുടെ സഹോദരി പ്രഗ്യയ്ക്കും ഭരതിനും എല്ലാം അറിയാം' എന്നായിരുന്നു മാനസ് കുറിച്ചത്. ദിവ്യയെ സംഭവസ്ഥലത്തുളളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നാലെ വീട്ടിലെത്തിയ മാനസ് മാനസികവെല്ലുവിളി നേരിടുന്ന സഹോദരി ശിവയെയും വെടിവെച്ച് കൊലപ്പെടുത്തി. താന്‍ മരിച്ചാല്‍ പരസഹായം ലഭിക്കാതെ സഹോദരി എങ്ങനെ ജീവിക്കും എന്ന തോന്നലാണ് ശിവയെ കൊല്ലാന്‍ മാനസിനെ പ്രേരിപ്പിച്ചത്. ഇതിനുശേഷം മാനസ് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ബാങ്ക് ജീവനക്കാരായ മാനസും ദിവ്യയും12 വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ദിവ്യ വിവാഹമോചനക്കേസും ഫയല്‍ ചെയ്തിരുന്നു. ഭാര്യ തന്നെ ചതിച്ചു, ജീവിതം തകര്‍ത്തു എന്ന തോന്നലാണ് മാനസിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.