Image Credit : Twitter
മുംബൈയില്‍ മരുമകളെ കൊലപ്പെടുത്തിയ കേസില്‍ കൊട്ടേഷന്‍ നല്‍കിയ അമ്മായിയമ്മ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈ ഘാട്‌കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്വപ്നയുടെ ഭർതൃമാതാവായായ 65കാരി ധനലക്ഷ്മി ഗാഞ്ചിയെയും വീട്ടുജോലിക്കാരിയുടെ കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വപ്നയെ കൊല്ലാന്‍ വീട്ടുജോലിക്കാരിക്കും കുടുംബത്തിനും ധനലക്ഷ്മി നല്‍കിയത് 3 ലക്ഷം രൂപയാണ്. മരുമകൾ ഗാർഹിക പീഡനക്കേസ് ഫയൽചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ധനലക്ഷ്മി പൊലീസിന് മൊഴി നല്‍കി.
കഴിഞ്ഞ ആഴ്ചയാണ് ഘാട്കോപ്പറിലെ വീട്ടിൽ സ്വപ്നയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരുമകള്‍ ശുചിമുറിയില്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടെന്ന് സ്വപ്നയുടെ ഭര്‍തൃപിതാവാണ് സ്വപ്നയുടെ അച്ഛനെ വിളിച്ചുപറഞ്ഞത്. തലയ്ക്ക് ഗുരുതമായി പരുക്കേറ്റിട്ടുണ്ട് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും ഭര്‍തൃപിതാവ് അറിയിച്ചു. മകളെ കാണാനായി ആശുപത്രിയിലെത്തിയ സ്വപ്നയുടെ അച്ഛന്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന മകളുടെ ശരീരമാണ്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകളുടെ തലയ്ക്കേറ്റ ഗുരുതര പരുക്കിലും ശരീരത്ത് കണ്ടെത്തിയ മര്‍ദനമേറ്റ പാടുകളിലും സംശയം തോന്നിയ സ്വപ്നയുടെ അച്ഛനാണ് മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വപ്നയുടേത് അപകടമരണമല്ലെന്ന് തെളിയുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുധ്യവും അവര്‍ക്ക് തന്നെ വിനയായി മാറി. അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ തെളിവുകളെല്ലാം നശിപ്പിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ സ്വപ്ന ഗാര്‍ഹിക പീഡനം ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത് പ്രതികള്‍ക്കെതിരെ പൊലീസിന്‍റെ സംശയം കൂടുതല്‍ ശക്തമാക്കി. 2013ലാണ് പ്രമോദ് ഗാഞ്ചിയും സ്വപ്നയും വിവാഹിതരായത്. രണ്ട് വര്‍ഷങ്ങള്‍ക്ക് പിന്നാലെ ഭര്‍ത്താവും മാതാപിതാക്കളും സഹോദരങ്ങളും സ്വപ്നയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ആരംഭിച്ചതായി പെണ്‍വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. 2024ല്‍ ആണ് സ്വപ്ന ഭര്‍തൃകുടുംബത്തിനെതിരെ കേസ് കൊടുത്തത്. ആ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ ഭര്‍തൃമാതാവ് ധനലക്ഷ്മി ഗാഞ്ചിക്ക് പുറമെ ഇവരുടെ വീട്ടുജോലിക്കാരി മംഗളാബായി സുരേഷ് ജാദവ്, ഇവരുടെ ഭർത്താവ് സുരേഷ് ഗൺപത് ജാദവ്, മക്കളായ ശിവാനി സുരേഷ് ജാദവ്, സജൻ സുരേഷ് ജാദവ് എന്നിവരുൾപ്പെടെ അഞ്ച് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.