ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ സമിതി. പണത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്നും ഇത് തൃപ്തികരമല്ലെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. 

 

സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ നേരത്തെ നടന്ന ആഭ്യന്തര അന്വേഷണ നടപടികൾ കാട്ടിയാണ് ഉത്തരവ്.  ഔദ്യോഗിക വസതിയോടു ചേർന്ന ഔട്ട്ഹൗസിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതിന്റെ പേരിൽ അദ്ദേഹത്തെ കുറ്റവിചാരണ (ഇംപീച്ച്) ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ടത് കഴിഞ്ഞ ഓഗസ്റ്റിലാണ്. കഴിഞ്ഞവർഷം മാർച്ചിലാണ് പണം കണ്ടെത്തിയത്. ജസ്റ്റിസ് വർമയുടെ ഔട്ട്ഹൗസിൽ തീപിടിത്തമുണ്ടായപ്പോൾ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനാംഗങ്ങളുമാണു നോട്ടുകെട്ടുകൾ അടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. 

 

വന്‍വിവാദമായതോടെ യശ്വന്ത് വർമ ഏപ്രിലിൽ രാജിവച്ചു. ഇംപീച്ച്മെന്റ് നടപടി മുന്നോട്ടുപോകുമോയെന്ന് വ്യക്തമല്ല. ലോക്സഭയിലെ കുറ്റവിചാരണാ നടപടിയുടെ ഭാഗമായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു രാഷ്ട്രപതിക്ക് രാജിക്കത്തു നൽകിയത്.  വിവാദത്തെത്തുടർന്ന് അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ട ജസ്റ്റിസ് വർമയ്ക്ക് ഔദ്യോഗിക ചുമതലകൾ നൽകിയിരുന്നില്ല. 2031 ജനുവരി വരെ സർവീസ് ബാക്കിയുണ്ടായിരുന്നു. 

ENGLISH SUMMARY:

Justice Yashwant Varma money discovery details are under scrutiny as the inquiry committee finds his explanation unsatisfactory regarding the cash found in his outhouse. The committee highlighted a lack of clarity on the source of funds, leading to further questions about the judicial misconduct investigation.