Image Credit: ANI/ Manorama
ബലിപെരുന്നാള്‍ പ്രമാണിച്ചും അല്ലാതെയും തമിഴ്നാട്ടിലൊരിടത്തും പശുവിനെ അറുക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബലിപെരുന്നാളിന് പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നത് മതപരമായ ചടങ്ങല്ലെന്നും അങ്ങനെയൊരു രീതിയില്ലെന്നും കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1976 ഓഗസ്റ്റ് 30 മുതല്‍ തമിഴ്നാട്ടില്‍ ഗോവധ നിരോധനം നിലവിലുണ്ട്.
ജസ്റ്റിസുമാരായ ജി.ആര്‍.സ്വാമിനാഥന്‍, വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടത്. കോയമ്പത്തൂര്‍ സ്വദേശി കെ സൂര്യ പ്രശാന്ത് എന്നായാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. പൊതുസ്ഥലങ്ങളിലെ ഗോവധം നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
അറവുശാലകളില്‍ കൃത്യമായ മാനദണ്ഡം പാലിച്ചല്ലാതെ ഒരു മൃഗത്തെയും കശാപ്പ് ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. താല്‍കാലിക അറവുശാലകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോയമ്പത്തൂര്‍ സെല്‍വപുരം പൊലീസ് സ്റ്റേഷനിലെ എസ്പി സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ കോടതി നിലപാടെടുത്തു. ഭരണഘടനയിലെ 48–ാം അനുച്ഛേദമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗോവധമടക്കമുള്ള തടയാനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബക്രീദിന് പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്ന രീതി മുസ്ലിംകള്ക്കിടയില് ഇല്ലെന്ന സുപ്രീംകോടതി വിധിയും ബെഞ്ച് ഓര്‍മിപ്പിച്ചു.