ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ സമയ പരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ സംസ്ഥാനങ്ങളും ഗവര്‍ണര്‍മാരും തമ്മില്‍ വീണ്ടും തര്‍ക്കങ്ങള്‍ക്ക് സാധ്യത. ബില്ലുകള്‍ ഒപ്പിടാന്‍ വൈകിയാല്‍ സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും. ബില്ലുകളില്‍ തീരുമാനം അകാരണമായി വൈകിപ്പിക്കരുതെന്ന അഭിപ്രായം വ്യവഹാരങ്ങളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല. അനുമതി തടഞ്ഞാല്‍ ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കണം തുടങ്ങിയ ഭരണഘടനാ ബെഞ്ചിന്‍റെ മറുപടികള്‍ കേരളം ഉള്‍പ്പടെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഒരുപരിധി വരെ ആശ്വാസമാണ്. എന്നാല്‍ ഗവര്‍ണര്‍മാര്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമവഴി മാത്രമാകും പരിഹാരം.
ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം നേരത്തെ നല്‍കിയ ഹര്‍ജി തമിഴ്നാട് കേസിലെ വിധിക്ക് പിന്നാലെ പിന്‍വലിച്ചിരുന്നു. സമയപരിധി എന്ന ആവശ്യം വീണ്ടും ഉന്നയിക്കാനാകില്ല. എന്നാല്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്തതിനെതിരെ സുപ്രീം കോടതിയില്‍ നിലവിലുള്ള കേരളത്തിന്‍റെ ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചിന്‍റെ മറുപടികള്‍ ഗുണം ചെയ്തേക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ ബില്ലുകള്‍ തടഞ്ഞുവച്ചപ്പോഴാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.