New Delhi: Muslim petitioners at the Supreme Court lawn during hearing on pleas challenging the Waqf Act amendments, in New Delhi, Wednesday, May 21, 2025. (PTI Photo) (PTI05_21_2025_000289A)
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് പരമ്പതാഗതമായി നടത്തിവരാറുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ മാര്‍ഗത്തിന് ബദലായി വിഷം കുത്തിവച്ചുകൊണ്ടുള്ള വധശിക്ഷ നല്‍കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. പിന്നാലെ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റുന്ന നിലവിലെ രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്. തൂക്കിക്കൊല്ലൽ എന്ന പരമ്പരാഗത രീതിക്ക് പകരം വിഷം കുത്തിവയ്ക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് കുറ്റവാളികൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
തൂക്കിക്കൊല്ലലുമായി താരതമ്യപ്പെടുത്തുമ്പോൾ, വിഷം കുത്തിവച്ചുള്ള വധശിക്ഷ വേഗത്തിലും, മനുഷ്യത്വപരമായും, മാന്യമായും നടപ്പിലാക്കാവുന്ന ഒന്നാണെന്നും തൂക്കിക്കൊല്ലല്‍ ക്രൂരവും, പ്രാകൃതവും, നീണ്ടുനില്‍ക്കുന്ന വേദനയോടുകൂടിയുള്ളതുമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷി മൽഹോത്ര വാദിച്ചു. തൂക്കിക്കൊല്ലുമ്പോള്‍ മരിക്കുന്നത് വരെ ഏകദേശം 40 മിനിറ്റോളം ശരീരം കയറിൽ തന്നെ തൂങ്ങി നില്‍ക്കേണ്ടി വരുമെന്നും ഇത് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനിറ്റുകൾക്കുള്ളിൽ ശിക്ഷ നടപ്പാക്കാവുന്ന മാരകമായ കുത്തിവയ്പ്പുകൾ, അല്ലെങ്കിൽ ഫയറിങ് സ്ക്വാഡ്, വൈദ്യുതാഘാതമേല്‍പ്പിക്കല്‍ അല്ലെങ്കിൽ ഗ്യാസ് ചേമ്പർ എന്നീ മാര്‍ഗങ്ങള്‍ ബദലായി പരിഗണിക്കണം എന്നായിരുന്നു ആവശ്യം. അമേരിക്കയില്‍ ഇന്ന് 50 ൽ 49 സംസ്ഥാനങ്ങളിലും വിഷം കുത്തിവച്ചുകൊണ്ടുള്ള വധശിക്ഷയാണ് നടപ്പാക്കുന്നതെന്നും അദ്ദേഗം ചൂണ്ടിക്കാട്ടി.
അതേസമയം, ഒരു കുറ്റവാളിക്ക് ഒരു ഓപ്ഷൻ നൽകുന്നത് സാധ്യമല്ലെന്നാണ് സർക്കാര്‍ എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്. പിന്നാലെ കാലക്രമേണ സംഭവിക്കുന്ന മാറ്റങ്ങളുമായി പരിണമിക്കാൻ സർക്കാർ തയ്യാറല്ല എന്ന് ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. ഇത് നയപരമായ തീരുമാനമാണെന്നും സർക്കാരിന് അതിൽ തീരുമാനമെടുക്കാമെന്നും എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസ് നവംബർ 11 ലേക്ക് മാറ്റി.