Image Credit: x.com/madhukarm
വിര്‍ച്വല്‍ ഹിയറിങ് നടക്കുന്നതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് ബീയര്‍ കുടിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരെ കോടതിയലക്ഷ്യക്കേസ്. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഭാസ്കര്‍ ടാണയ്ക്കെതിരെയാണ് നടപടി.ചൊവ്വാഴ്ചയാണ് കോടതിയെ നാണംകെടുത്തിയ നടപടിയുണ്ടായത്. അഭിഭാഷകന്‍റെ നടപടി തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും മുതിര്‍ന്ന അഭിഭാഷകനെന്ന പദവി പിന്‍വലിക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ജൂണ്‍ 25ന് നടന്ന വിര്‍ച്വല്‍ ഹിയറിങിനിടെയാണ് അഭിഭാഷകന്‍ ബീയര്‍ കുടിച്ചതും പിന്നാലെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതും. 'കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ടാണ ബീയര്‍ കുടിക്കുന്നതും ഫോണെടുത്ത് സംസാരിക്കുന്നതും വ്യാപകമായി പ്രചരിച്ചുവെന്നും ഇത്തരം നടപടികള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് നിയമവാഴ്ചയെ തന്നെ തകരാറിലാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ ഭാസ്കര്‍ ടാണയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ റജിസ്ട്രിയെ നിര്‍ദേശിക്കുന്നതായും അടുത്ത ഹിയറിങിന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കോടതി നിര്‍ദേശത്തിന് പിന്നാലെ വിര്‍ച്വല്‍ ആയി കേസിന് ഹാജരാകുന്നതില്‍ നിന്നും താനയെ റജിസ്ട്രി വിലക്കി. കാരണംകാണിക്കല്‍ നോട്ടിസും നല്‍കി. കോടതിയലക്ഷ്യ കേസിലെ നടപടികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം ആരംഭിക്കുമെന്നും റജിസ്ട്രി അറിയിച്ചു. കഴിഞ്ഞയാഴ്ചയില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ തന്നെ മറ്റൊരു അഭിഭാഷകന്‍ ശുചിമുറിയിലിരുന്ന് വിര്‍ച്വല്‍ ഹിയറിങില്‍ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു.