കൈക്കൂലി കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അന്തരിച്ചു. 30 വര്‍ഷത്തിന് ശേഷമാണ് കോണ്‍സ്റ്റബിളായിരുന്ന ബാബുഭായ് പ്രജാപതിയെ കോടതി കുറ്റവിമുക്തനാക്കുന്നത്. തൊട്ടടുത്ത ദിവസം ഇയാള്‍ മരണപ്പെടുകയായിരുന്നു. 1996 ലാണ് 20 രൂപ കൈക്കൂലി കേസില്‍ ബാബുഭായ് അറസ്റ്റിലാകുന്നത്. 

അഴിമതി നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. 1997 ലാണ് കോടതി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2003 ല്‍ വിചാരണ ആരംഭിച്ചു. 2004 ല്‍ നാലു വര്‍ഷം തടവും 3000 രൂപ പിഴയും വിധിച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ ബാബുഭായ് ഗുജറാത്ത് ഹൈക്കോടതിയിലെത്തി. 22 വര്‍ഷകാലമാണ് കത്തിരിപ്പിന് ശേഷം ഫെബ്രുവരി നാലിനാണ് കോടതി കുറ്റവിമുക്തനാക്കിയത്.  

സാക്ഷികളുടെ മൊഴികളിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കെട്ടിപ്പൊക്കിയതെന്ന് പ്രജാപതിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ നിതിൻ ഗാന്ധി ഹൈക്കോടതിയിൽ പറഞ്ഞു. കോടതി വിധിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ബാബുഭായ് തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.  

'എന്റെ ജീവിതത്തിൽ നിന്ന് കളങ്കം നീക്കപ്പെട്ടു. ദൈവം എന്നെ കൊണ്ടുപോയാലും എനിക്ക് ദുഃഖമുണ്ടാകില്ല' എന്നാണ് ഹൈക്കോടതിയുടെ കുറ്റവിമുക്തനാക്കിയ ശേഷം അദ്ദേഹം പറഞ്ഞത്. 

ENGLISH SUMMARY:

Former police officer dies after acquittal in a bribery case. Babu Bhai Prajapati, a former constable, was acquitted 30 years after being charged, only to pass away the following day.