കേസ് വാദിക്കാനെത്തിയ വക്കീല്‍ കക്ഷിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു, ഒടുവില്‍ അകത്താകുന്നു. നെടുമങ്ങാട‌ാണ് സംഭവം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷക സുലൈഖയാണ് പ്രതി. കേസില്‍ സുലൈഖയും ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. വിവാഹമോചന കേസില്‍ നല്‍കിയ 28 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. ഹൈക്കോടതി പറഞ്ഞിട്ടും പണം തിരികെ നല്‍കാതെ മുങ്ങി നടന്ന സുലൈഖയെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

നെടുമങ്ങാട് സ്വദേശി ഹാഷിമിന്‍റെ വിവാഹമോചന കേസാണ് സുലൈഖ നടത്തിയിരുന്നത്. കേസിന്‍റെ വിധിയായപ്പോള്‍ ഹാഷിമിന്‍റെ ഭാര്യക്ക് 40 ലക്ഷം രൂപ വിവാഹമോചന തുകയായി നല്‍കാന്‍ കുടുംബകോടതി വിധിച്ചു. ആ തുക ഹാഷിം അഭിഭാഷകയെന്ന നിലയില്‍ സുലൈഖയ്ക്ക് കൈമാറി. എന്നാല്‍ ഇതില്‍ നിന്ന് 12 ലക്ഷം രൂപ മാത്രമാണ് സുലൈഖ കോടതി വഴി എതിര്‍കക്ഷിക്ക് നല്‍കിയത്. ബാക്കി 28 ലക്ഷത്തിലേറെ രൂപ അടിച്ചുമാറ്റി. ഒടുവില്‍ പണം നല്‍കാതെ വന്നതോടെ ഹാഷിമിനെതിരെ കോടതി അലക്ഷ്യകേസുണ്ടാകുന്ന സാഹചര്യമായപ്പോഴാണ് വക്കീല്‍ പണം കട്ടോണ്ട് പോയ കാര്യം ഹാഷിം അറിയുന്നത്. 

ഉടനെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പണം ഒരാഴ്ച്ക്കുള്ളില്‍ കൊടുത്തേക്കാമെന്ന് സുലൈഖ ഉറപ്പ് നല്‍കി. ആ ഉറപ്പും ലംഘിച്ചതോടെ പരാതി ഹൈക്കോടതിയിലെത്തി. ഹൈക്കോടതി സുലൈഖയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഈ സമയമാണ് തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോയത്. അവിടെ സുഹൃത്തായ അരുണ്‍ ദേവിന്‍റെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞു. ഇന്നലെ വൈകിട്ടാണ് രണ്ട് പേരെയും നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

ENGLISH SUMMARY:

Advocate Sulaikha from Nedumangad Court has been arrested from Tamil Nadu, along with her friend Arun Dev, for misappropriating over ₹28 lakh given by her client, Hashim, for a divorce settlement. Hashim had entrusted her with ₹40 lakh, but she only paid ₹12 lakh to the opposing party, keeping the rest. Sulaikha went into hiding after the High Court ordered her arrest for failing to return the money. The arrest was made by Nedumangad Police.