കോർപ്പറേഷൻ പരിധിയിൽ പാർക്കിംഗിന്‍റെ പേരിൽ നടത്തിയ കൊള്ളയിൽ ഇടപെട്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പൊങ്കാലയോടനുബന്ധിച്ച് നഗരസഭയുടെ അനുമതിയില്ലാതെ കാർ പാർക്കിംഗ് ഒരുക്കിയ സ്വകാര്യ വ്യക്തിക്കെതിരെ മേയര്‍ രോഷം കൊണ്ടു. ഒരു വാഹനത്തിന് ഇയാള്‍ നാനൂറ് രൂപയാണ് ഈയാക്കിയിരുന്നത്. ഇതേപ്പറ്റി ആളുകള്‍ പരാതിയുമായി മേയറെ കാണുകയും രാജേഷ് നേരിട്ട് സ്ഥലത്തെത്തുകയുമായിരുന്നു.

‘ഒരു ഓൾട്ടോ കാറിന് 400 രൂപയോ, തോന്ന്യാസം കാണിക്കരുത്, ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്, ഇത് ശരിയായ നടപടിയല്ല, ഒരു കാറിന് ഇത്രയും ഫീസ് ക്രൂരതയാണ്’ – വി.വി. രാജേഷ് പറഞ്ഞു. ടാക്സി കാറുമായി വരുന്നവരോട് ഇത്രയും പണം വാങ്ങുന്നത് ശരിയല്ലെന്ന് പൊങ്കാലയിടാൻ വന്നവരും പറഞ്ഞു.

അതേസമയം പൊങ്കാല ഉത്സവത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വന്നു. ഭക്തര്‍ക്കായി കിഴക്കേക്കോട്ടയിൽ നിന്നും ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ ആരംഭിച്ചു. അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്തുനിന്ന് ക്ഷേത്രവളപ്പിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പാടശ്ശേരി വഴി തിരികെ പോകേണ്ടതാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമായാൽ ഈ ഭാഗത്തുനിന്നുള്ള വാഹനപ്രവേശനം നിയന്ത്രിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Thiruvananthapuram parking scam is under investigation as Mayor V.V. Rajesh intervened in a case of unauthorized and exorbitant parking fees charged during the Ponkkala festival. This action was taken after complaints from devotees who were charged Rs. 400 per vehicle for parking, prompting the Mayor to address the issue directly and condemn the arbitrary charges.